കൽപന അന്തരിച്ചു

Posted on: January 25, 2016

Kalpana-Big

ഹൈദരാബാദ് :ഇന്നു രാവിലെ ഹൈദരാബാദിൽ അന്തരിച്ച പ്രശസ്ത നടി കൽപനയുടെ മൃതദേഹം നാളെ ഉച്ചയ്ക്ക് കൊച്ചിയിൽ എത്തിക്കും. തുടർന്ന് നാലു വരെ തൃപ്പൂണിത്തുറയിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് അടുത്ത ബന്ധുക്കൾക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ കൽപന താമസിച്ചിരുന്ന ഡഫോഡിൽസ് എന്ന ഫ്‌ലാറ്റ് സമുച്ചയത്തിലേക്ക് കൊണ്ടു വരും. സംസ്‌കാരം വൈകുന്നേരം 5.30 ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ നടക്കും. സഹോദരൻ കമലും സഹോദരി കലാരഞ്ജിനിയുടെ മകനും ചേർന്ന് അന്ത്യകർമ്മങ്ങൾ നിർവഹിക്കും.

കൽപനയെ ഹൈദരാബാദിൽ താമസിച്ചിരുന്ന ഹോട്ടലിൽ ഇന്നു രാവിലെ ബോധരഹിതയായി കണ്ടെത്തുകയായിരുന്നു. ഉടനെ അപ്പോളോ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനു മുമ്പേ മരണം സംഭവിച്ചതായി ഡോക്ടർമാർ പറഞ്ഞു. തെലുങ്ക് സിനിമയുടെ ഷൂട്ടിംഗിനായാണ് കൽപന ഹൈദരാബാദിലെത്തിയത്.

പതിമൂന്നാം വയസിൽ വെള്ളിത്തിരയിൽ എത്തിയ കൽപന മുന്നൂറിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മാർട്ടിൻ പ്രക്കാട്ടിന്റെ ചാർലിയാണ് അവസാന ചിത്രം.

നാടകപ്രവർത്തകരായ ചാവറ വി.പി. നായരുടെയും വിജയലക്ഷ്മിയുടെയും മകളാണ്. സിനിമ താരങ്ങളായ കലാരഞ്ജിന, ഉർവശി, കമൽ റോയ്, പ്രിൻസ് നായർ എന്നിവർ സഹോദരങ്ങളാണ്.