ബഷീർ സൂപ്പർവൈസർ – മരു ജീവിതത്തിന്റെ മറുപുറം തേടിയ സിനിമ

Posted on: May 30, 2016

Basheer-Supervisor-CD-relea

ദുബായ് : മരുഭൂമിയിലെ തിരസ്‌ക്കരിക്കപ്പെട്ട ജീവിതത്തെ അടയാളപ്പെടുത്തുന്ന ഒരു സിനിമ കൂടി ആസ്വാദകർക്കു മുന്നിലെത്തി. ആർ.ഡി. ഫിലിംസിന്റെ ബാനറിൽ കഥാകൃത്ത് ദേവി നായർ രചന നിർവഹിച്ച് രാജീവ് കൃഷ്ണ സംവിധാനം ചെയ്ത “ ബഷീർ സൂപ്പർവൈസർ എന്ന സിനിമയുടെ സിഡി പ്രകാശനവും , പ്രദർശനോദ്ഘാടനവും ഷാർജ ഇന്ത്യൻ അസ്സോസിയേഷനിൽ നടന്നു.

ദേശീയ അവാർഡ് ജേതാവ് ജോഷി മംഗലത്ത് മാധ്യമ പ്രവർത്തകനായ പി. പി. ശശീന്ദ്രനു നൽകി സിഡി പ്രകാശനം ചെയ്തു. സിനിമയുടെ ആദ്യ പ്രദർശനം സിനിമാ താരം കെ. കെ. മൊയ്തീൻ കോയ ഉദ്ഘാടനം ചെയ്തു. പ്രവാസ ഭൂമിയിൽ നിന്നിറങ്ങുന്ന നിരവധി ചെറു സിനിമകൾക്കിടയിൽ ആസ്വാദകന്റെ മനസ്സിൽ ഒരു നീറ്റലായി സത്യം വിളിച്ചു പറയുന്ന സിനിമയാണ് ബഷീർ സൂപ്പർവൈസർ എന്ന് മൊയ്തീൻ കോയ അഭിപ്രായപ്പെട്ടു.

സുഭാഷ് ദാസ് സ്വാഗതവും ശ്രീകുമാർ അമ്പലപ്പുഴ നന്ദിയും പറഞ്ഞു. ദേവീ നായർ ആമുഖ പ്രസംഗം നിർവഹിച്ചു. നോവലിസ്റ്റ് ശശി കൈതമുള്ള് ആശംസകൾ നേർന്നു. യുഎഇ ലെ മാധ്യമ പ്രവർത്തകരും സിനിമാ പ്രേമികളുമടക്കം നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു. പ്രദർശനത്തിനു ശേഷം സിനിമാ ചർച്ചയും നടന്നു. സംവിധായകൻ രാജീവ് കൃഷ്ണ മറുപടി പ്രസംഗം നടത്തി.