ജനപ്രിയ സിനിമകളുടെ വിജയശില്പി

Posted on: July 22, 2020

നല്ല സിനിമയുടെ വിജയത്തിന് എന്നും ഒഴിച്ച് കൂടാനാവാത്ത മേഖലയാണ് പബ്ലിക് റിലേഷൻസ്. മലയാള സിനിമയിൽ വാർത്താ പ്രചാരണ രംഗത്ത് തനതായ രീതിയിൽ വാർത്തകൾ സൃഷ്ടിച്ച് മുന്നേറുകയാണ് പി.ആർ.സുമേരൻ. പത്രപ്രവർത്തന രംഗത്ത് നിന്നാണ് സുമേരൻ സിനിമാരംഗത്ത് എത്തുന്നത്. ചുരുങ്ങിയ കാലത്തിനുള്ളിൽ പിആർഒ എന്ന നിലയിൽ സുമേരൻ കലാമൂല്യവും ജനപ്രിയവുമായ സിനിമകളുടെ അവിഭാജ്യഘടമായി മാറി.

രണ്ട് പതിറ്റാണ്ടായി പത്രപ്രവർത്തന രംഗത്തുള്ള സുമേരൻ ഓൺലൈൻ സിനിമ മാഗസിനായ സിനിമാ ഹൊറാൾഡിന്റെ ചീഫ് എഡിറ്ററാണ്. പെങ്ങളില, സൈലൻസർ, മൊഹബത്തിൻ കുഞ്ഞബ്ദുള്ള, മുന്തിരിമൊഞ്ചൻ, ലൗ എഫ് എം, മൈ ഡിയർ മച്ചാൻ, പച്ചമാങ്ങ, ഒരുത്തി, കേരള എക്‌സ്പ്രസ്, തീറ്ററപ്പായി, ജമീലാൻറെ പൂവൻകോഴി ഒരു ദേശവിശേഷം, ആനന്ദ കല്ല്യാണം ,ഫുൾ ജാർ സോഡ, ഷഹീദ് വാരിയൻ കുന്നൻ, തുടങ്ങിയ സിനിമകളുടെ പി ആർ ഒ ആയി പ്രവർത്തിച്ചു. പുതിയ ചിത്രങ്ങളുടെ പ്രോജക്ടുകൾ നടന്നുവരുന്നു.

ഒട്ടേറെ ഷോർട്ട് ഫിലിമുകളുടെ വാർത്താപ്രചാരണ രംഗത്തും പ്രവർത്തിച്ചു. മാധ്യമം, തേജസ്, ജനയുഗം, തുടങ്ങിയ പത്രങ്ങളുടെ കൊച്ചി ബ്യൂറോയിൽ റിപ്പോർട്ടറായും, സിറാജ് ദിനപത്രത്തിൽ ബ്യൂറോ ചീഫായും പ്രവർത്തിച്ചു. മംഗളം ദിനപത്രത്തിൽ കന്യകയിൽ സീനിയർ സബ് എഡിറ്ററായിരുന്നു. കേരളാ കൗമുദി തിരുവനന്തപുരം യൂണിറ്റിൽ ചലച്ചിത്ര പ്രസിദ്ധീകരണമായ ഫ്‌ളാഷ് മൂവീസിൽ സീനിയർ റിപ്പോർട്ടറായിരുന്നു. ചലച്ചിത്ര രംഗത്തെ വിവിധ മേഖലകളിലെ പ്രതിഭകളായ അഞ്ഞൂറിലേറെ പേരെ ഇൻർവ്യൂ ചെയ്യുകയും അവരെ കുറിച്ചുള്ള ഫീച്ചറുകളും തയ്യാറാക്കിയിട്ടുണ്ട്.

രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌ക്കാരിക നൂറുകണക്കിന് പ്രമുഖരുമായി അഭിമുഖ സംഭാഷണം നടത്തിയിട്ടുണ്ട്. ആദിവാസി- ദളിത് -മനുഷ്യാവകാശ സംബന്ധിയായ ഒട്ടേറെ വാർത്തകളും വിവിധ മാധ്യമങ്ങളിൽ ചെയ്തിട്ടുണ്ട്. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട നിരവധി സുവനീറുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അരണി കടഞ്ഞെടുത്ത അഗ്‌നി, തോന്ന്യാക്ഷരങ്ങൾ എന്നീ പുസ്തകങ്ങളുടെ പ്രസാധകനുമാണ്. ആനുകാലികങ്ങളിൽ കവിതകൾ എഴുതിയിട്ടുണ്ട്. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ദളിത് ചിന്തകൻ കെ. എം. സലിംകുമാർ, ജനശക്തി വാരികയിൽ ഡോ.എം.ലീലാവതി, വി.എസ് അച്യുതാനന്ദൻ, പ്രഫ. എം.കെ.സാനു തുടങ്ങിയവരുമായുള്ള അഭിമുഖം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഫോൺ : 9446190254,7907893539.