ജെറ്റ് എയർവേസിൽ ഓഹരിപങ്കാളിത്തം ഉയർത്താൻ ഇത്തിഹാദ് ഒരുങ്ങുന്നു

Posted on: January 14, 2016

Jet-Airways-777-300-Big

അബുദാബി : ജെറ്റ് എയർവേസിലെ ഓഹരിപങ്കാളിത്തം വർധിപ്പിക്കാൻ യുഎഇയുടെ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് ഒരുങ്ങുന്നു. നിലവിൽ ജെറ്റ് എയർവേസിൽ ഇത്തിഹാദിന് 24 ശതമാനം ഓഹരിയുണ്ട്. കടബാധ്യതകൾ കുറയ്ക്കുന്നതിന്റെ ഭാഗമായി കൺവെർട്ടബിൾ ഡിബഞ്ചറുകൾ വഴി 400 മില്യൺ ഡോളർ മുതൽമുടക്കാനാണ് ഇത്തിഹാദ് തയാറെടുക്കുന്നത്. കടപ്പത്രങ്ങൾ ഓഹരിയാക്കി മാറ്റുന്നതോടെ ഓഹരിപങ്കാളിത്തം 24 ശതമാനത്തിൽ നിന്ന് 49 ശതമാനമായി വർധിക്കും. വ്യോമയാന മേഖലയിൽ 49 ശതമാനമാണ് വിദേശനിക്ഷേപ പരിധി.

ജെറ്റ് എയർവേസിന്റെ കടബാധ്യതകൾ 11,390 കോടി രൂപയോളമാണ്. നടപ്പു ധനകാര്യവർഷം തന്നെ ഇത്തിഹാദ് മൂലധന നിക്ഷേപം നടത്തിയേക്കും. ഡിബഞ്ചറുകൾ 2017-18 ൽ ഓഹരിയായി മാറുന്നതോടെ ജെറ്റ് എയർവേസിൽ നിർണായക പങ്കാളിത്തം ലഭിക്കും. ഇത്തിഹാദ് എയർവേസ് പ്രസിഡന്റും സിഇഒയുമായ ജയിംസ് ഹോഗൻ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ജയിംസ് റിഗ്‌നി എന്നിവർ ഇപ്പോൾ ജെറ്റ് എയർവേസ് ഡയറക്ടർ ബോർഡിലുണ്ട്.