റിപ്പോ നിരക്കുകളിൽ മാറ്റമില്ലാതെ പണനയം

Posted on: December 1, 2015

Raghuram-Rajan-Big-z

മുംബൈ : റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് പണനയം പ്രഖ്യാപിച്ചു. റിസർവ് ബാങ്ക് വാണിജ്യബാങ്കുകൾക്ക് വായ്പ നൽകുമ്പോൾ ഈടാക്കുന്ന പലിശയായ റിപ്പോ നിരക്ക് 6.75 ശതമാനവും റിവേഴ്‌സ് റിപ്പോ നിരക്ക് 5.75 ശതമാനവുമായി നിലനിർത്തി. സിആർആർ (കാഷ് റിസർവ് റേഷ്യോ) നിരക്ക് നാല് ശതമാനമായി തുടരും. സെപ്റ്റംബർ 29 ന് പ്രഖ്യാപിച്ച നാലാമത് ദ്വൈമാസ പണനയത്തിൽ റിപ്പോ നിരക്ക് അര ശതമാനം കുറച്ച് 6.75 ശതമാനമാക്കിയിരുന്നു.

ഭാവിയിലുള്ള നിരക്ക് ഇളവുകൾ പണപ്പെരുത്തെയും ആഭ്യന്തര സ്ഥിതിഗതികളെയും ആശ്രയിച്ചായിരിക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ പറഞ്ഞു. പണപ്പെരുപ്പം 2017 മാർച്ചോടെ 5 ശതമാനമായി കുറഞ്ഞേക്കുമെന്നും അദേഹം സൂചിപ്പിച്ചു. നടപ്പു ധനകാര്യവർഷം രാജ്യം 7.4 ശതമാനം സാമ്പത്തിക വളർച്ച കൈവരിക്കുമെന്ന മുൻ നിലപാടിൽ ആർ ബി ഐ മാറ്റം വരുത്തിയിട്ടില്ല.