40 ലക്ഷത്തിന്റെ റെക്കോർഡുമായി ഹ്യുണ്ടായ്

Posted on: November 22, 2015

Hyundai-Motor-India-HO-Big

ന്യൂഡൽഹി : ഇന്ത്യൻ വിപണിയിൽ 40 ലക്ഷം കാറുകൾ പുറത്തിറക്കി ഹ്യുണ്ടായ് മോട്ടോർ റെക്കോർഡ് സ്ഥാപിച്ചു. മാരുതി സുസുക്കി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാറുകൾ വിറ്റഴിച്ചതിന്റെ റെക്കോർഡും ഹ്യുണ്ടായ് മോട്ടോറിനാണ്. കൊറിയൻ ഓട്ടോമൊബൈൽ ഭീമനായ ഹ്യുണ്ടായ് 1996 ലാണ് ഇന്ത്യയിൽ പ്രവർത്തനം തുടങ്ങിയത്. ചെന്നൈയിലെ രണ്ട് പ്ലാന്റുകളിലായി പ്രതിവർഷം 6,80,000 കാറുകൾ ഉത്പാദിപ്പിക്കാൻ കഴിയും. ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ കാറുകൾ കയറ്റുമതി ചെയ്യുന്ന കമ്പനിയും ഹ്യുണ്ടായ് മോട്ടോറാണ്. കഴിഞ്ഞ വർഷം 1,91,221 കാറുകൾ കയറ്റുമതി ചെയ്തു.

ആഭ്യന്തരവിപണിയിൽ സാൻട്രോ ആയിരുന്നു ഹ്യുണ്ടായിയുടെ ഫ്‌ലാഗ്ഷിപ്പ് മോഡൽ. 1998 ൽ വിപണിയിൽ അവതരിപ്പിച്ച സാൻട്രോ ഈ വർഷം ജനുവരിയിൽ ഉത്പാദനം നിർത്തി. ഐ10, ഗ്രാൻഡ് ഐ10, ഐ20 എലൈറ്റ്, ആക്ടീവ് എന്നിവയാണ് ഇപ്പോൾ വില്പന വോള്യം വർധിപ്പിക്കുന്നത്.