ലൈറ്റ് മെട്രോ : ഡിഎംആർസി യുമായി ധാരണയിലെത്തിയെന്ന് മുഖ്യമന്ത്രി

Posted on: May 18, 2015

OmmanChandy-b

തിരുവനന്തപുരം : കോഴിക്കോട്ടും തിരുവനന്തപുരത്തും ലൈറ്റ് മെട്രോക്കായി 1619 കോടി രൂപ സംസ്ഥാന സർക്കാർ ചെലവഴിക്കുമെന്നും പദ്ധതി സംബന്ധിച്ച് ഡിഎംആർസിയുമായി ധാരണയിലെത്തിയെന്നും മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. ഡിഎംആർസി ഉപദേഷ്ടാവ് ഇ. ശ്രീധരനുമായി നടത്തിയ ചർച്ചക്ക് ശേഷം വാർത്താ സമ്മേളനത്തിനാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

പദ്ധതിക്കായി 20 ശതമാനം തുക സംസ്ഥാനത്തും 20 ശതമാനം കേന്ദ്രവും വഹിക്കും. അവശേഷിക്കുന്ന തുക ജയ്‌കോയുടെ വായ്പയായി കണ്ടെത്താനുള്ള നടപടിയെടുക്കാമെന്ന് ഇ. ശ്രീധരൻ ഉറപ്പ് നൽകിയിട്ടുണ്ട്. സ്ഥലവിലയും നികുതിയും കഴിച്ചുള്ള തുകയിൽ 80 ശതമാനം വരെ സ്റ്റെപ് ലോണായി ലഭിക്കുമെന്നാണ് അദ്ദേഹം ചർച്ചയിൽ വ്യക്തമാക്കിയത്. ചർച്ചയുടെ വിശദാംശങ്ങൾ മന്ത്രിസഭായോഗം ചർച്ചചെയ്ത് തീരുമാനമെടുക്കും. വായ്പ ലഭിക്കുന്നതിനായി വിശദമായ പദ്ധതിക്കൊപ്പം മന്ത്രിസഭയുടെ അംഗീകാരവും ആവശ്യമുണ്ട്. ഈ സാഹചര്യത്തിൽ സ്വകാര്യ പങ്കാളിത്തത്തിന്റെ ആവശ്യം വരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിമാരായ കെ. എം. മാണി, പി. കെ. കുഞ്ഞാലിക്കുട്ടി, ആര്യാടൻ മുഹമ്മദ്, വി. കെ. ഇബ്രാഹിം കുഞ്ഞ്, വി. എസ്. ശിവകുമാർ, ചീഫ് സെക്രട്ടറി ജിജി തോംസൺ തുടങ്ങിയവരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.