ഫെഡറല്‍ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ബില്‍ പേമെന്റുകള്‍ ബിബിപിഎസ് പ്ലാറ്റ്ഫോമില്‍

Posted on: September 14, 2023

കൊച്ചി : ഭാരത് ബില്‍ പേമെന്റ് സിസ്റ്റം (ബിബിപിഎസ്) വഴി ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ ലളിതമായി അടയ്ക്കാവുന്ന സൗകര്യം ഫെഡറല്‍ ബാങ്ക് അവതരിപ്പിച്ചു. ഈ സേവനം നല്‍കുന്ന മൂന്നാമത്തെ ബാങ്കാണ് ഫെഡറല്‍ ബാങ്ക്. ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് നെറ്റ് ബാങ്കിംഗ്, യുപിഐ, ഡെബിറ്റ് കാര്‍ഡ് തുടങ്ങി സൗകര്യപ്രദമായ ഏതു മാര്‍ഗത്തിലൂടെയും ബില്‍ പേമെന്റുകള്‍ നടത്താം.

കൂടുതല്‍ സൗകര്യപ്രദമായ ഡിജിറ്റല്‍ സേവനങ്ങള്‍ ഇടപാടുകാരിലേക്ക് എത്തിക്കുന്നതിനുള്ള ബാങ്കിന്റെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് പുതിയ സൗകര്യം ലഭ്യമാക്കിയിരിക്കുന്നതെന്ന് ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശാലിനി വാര്യര്‍ പറഞ്ഞു. ഫെഡറല്‍ ബാങ്കിന്റെ ഫെഡ്മൊബൈല്‍, ഫെഡ്നെറ്റ് ആപ്പുകള്‍ മുഖേനയും മറ്റു യുപിഐ ആപ്പുകള്‍ മുഖേനയും അനായാസം ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ അടയ്ക്കാവുന്നതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ബിബിപിഎസ് അപ്ലിക്കേഷനിലെ ഡെസിഗ്‌നേറ്റഡ് ബില്ലര്‍ ആയി ‘ഫെഡറല്‍ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ്’ തിരഞ്ഞെടുത്ത് ക്രെഡിറ്റ് കാര്‍ഡ് രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടെ ആവശ്യമായ വിവരങ്ങള്‍ നല്‍കി പുതിയ സേവനം ഉപയോഗിക്കാം. ലോഗിന്‍ ചെയ്താല്‍ ഇടപാടുകാര്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് ബില്‍ വിവരങ്ങള്‍, അടക്കേണ്ട തുക, ബില്‍ തീയതി, അവസാന തീയതി തുടങ്ങിയ വിവരങ്ങളും ലഭിക്കുന്നതാണ്. ഓട്ടോപേ സൗകര്യവും ലഭ്യമാണ്.

 

TAGS: Federal Bank |