കാര്‍ബണ്‍ മലിനീകരണം കുറയ്ക്കാന്‍ ഡി എച്ച് എല്‍ എക്‌സ്പ്രസിന്റെ ‘ഗോ ഗ്രീന്‍ പ്ലസ്’ പാത സ്വീകരിച്ച് ഫെഡറല്‍ ബാങ്ക്

Posted on: January 30, 2024


കൊച്ചി : കുറിയര്‍ കൈമാറ്റങ്ങളില്‍ പരിസ്ഥിതി ആഘാതം ലഘൂകരിക്കാനുള്ള ഡിഎച്ച്എല്‍ എക്‌സ്പ്രസ് ഇന്ത്യയുടെ ‘ഗോ-ഗ്രീന്‍ പ്ലസ്’ പദ്ധതിക്കൊപ്പം കൈകോര്‍ത്തുകൊണ്ട്, കാര്‍ബണ്‍ മലിനീകരണം കുറച്ചുകൊണ്ടുവരുന്നതിനുള്ള ലക്ഷ്യത്തിലേക്ക് ഫെഡറല്‍ ബാങ്ക് പുതിയ ചുവട് വച്ചു. വിദേശങ്ങളിലേക്ക് കുറിയര്‍ അയക്കുമ്പോഴും അവിടെ നിന്ന് സ്വീകരിക്കുമ്പോഴും സൃഷ്ടിക്കപ്പെടുന്ന കാര്‍ബണ്‍ മലിനീകരണം ഗണ്യമായി കുറയ്ക്കുകയാണ് ബാങ്കിന്റെ ലക്ഷ്യം.

”ബാങ്കിന്റെ പാരിസ്ഥിതിക, സാമൂഹിക, ഭരണനിര്‍വഹണ (ഇഎസ്ജി) പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് ഡിഎച്ച്എല്ലുമായുള്ള കരാറില്‍ ഗോ ഗ്ലീന്‍ പ്ലസ് സേവനം ഉള്‍പ്പെടുത്തിയത്. കുറിയര്‍ സേവനങ്ങളിലൂടെ സൃഷ്ടിക്കപ്പെടുന്ന കാര്‍ബണ്‍ മലിനീകരണം കുറയ്ക്കുന്നതിന് സുസ്ഥിര വ്യോമ ഇന്ധനമാണ് (എസ് എ എഫ്) ഗ്രോ ഗ്രീന്‍ പ്ലസ് സേവങ്ങള്‍ക്ക് ഡിഎച്ച്എല്‍ ഉപയോഗിക്കുന്നത്. ഇത് ബാങ്കിന്റേയും ലക്ഷ്യങ്ങളിലൊന്നാണ്,” ഫെഡറല്‍ ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ഓപ്പറേഷന്‍സ് മേധാവിയുമായ ജോണ്‍സണ്‍ കെ ജോസ് പറഞ്ഞു.

2023ല്‍ 18,473 മെട്രിക് ടണ്‍ സ്‌കോപ് 3 കാര്‍ബണ്‍ പുറന്തള്ളല്‍ ഒഴിവാക്കാന്‍ ഫെഡറല്‍ ബാങ്കിന് കഴിഞ്ഞു. ഡിഎച്ച്എലിന്റെ ഗോ ഗ്രീന്‍ പ്ലസ് സേവനം ഉപയോഗിക്കുന്നതിലൂടെ കാര്‍ബണ്‍ മലിനീകരണം ഇനിയും ഗണ്യമായി കുറയ്ക്കാന്‍ കഴിയും. ഗോ ഗ്രീന്‍ പ്ലസ് ഉപയോഗപ്പെടുത്തുന്നതിലൂടെ വിദേശ കുറിയര്‍ സേവനങ്ങള്‍ വഴിയുള്ള കാര്‍ബണ്‍ പുറന്തള്ളലില്‍ 30 ശതമാനം കുറവുവരുത്താന്‍ ഫെഡറല്‍ ബാങ്കിനു കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

 

TAGS: Federal Bank |