ഫെഡറല്‍ ബാങ്കില്‍ തത്സമയ ജിഎസ്ടി പേമെന്റ് സംവിധാനം

Posted on: November 10, 2022

കൊച്ചി : കേന്ദ്ര പരോക്ഷ നികുതി, കസ്റ്റംസ് ബോര്‍ഡ് അംഗീകരിച്ചതിനെ തുടര്‍ന്ന് ഫെഡറല്‍ ബാങ്ക് വഴി ചരക്കു സേവന നികുതി (ജിഎസ്ടി)അടയ്ക്കാനുള്ള സംവിധാനം സജ്ജമായി. നെറ്റ് ബാങ്കിംഗ് മുഖേനയുള്ള ഇ-പേമെന്റ്, നെഫ്റ്റ്/ ആര്‍ടിജിഎസ് (ഓണ്‍ലൈന്‍/ഓഫ്ലൈന്‍), കൗണ്ടറിലൂടെ അടക്കുന്ന കാശ്, ചെക്ക്, ഡിഡി, തുടങ്ങിയ മാര്‍ഗങ്ങളിലൂടെ ഫെഡറല്‍ ബാങ്ക് ഇടപാടുകാര്‍ക്ക് ജിഎസ്ടി അടയ്ക്കാവുന്നതാണ്.

ഇ-പേമെന്റുകളും ശാഖയില്‍ നേരിട്ടെത്തിയുള്ള പേമെന്റുകളും തത്സമയം തീര്‍പ്പാക്കും. ഇതര ബാങ്കുകളുടെ ചെക്കുകള്‍ മുഖേനയുള്ള പേമെന്റുകള്‍ തീര്‍പ്പാക്കുന്നത് ക്ലിയറിംഗിനെടുക്കുന്ന സമയത്തെ ആശ്രയിച്ചിരിക്കും. നെഫ്റ്റ്/ ആര്‍ടിജിഎസ് പേമെന്റുകള്‍ ആര്‍ബിഐ സംവിധാന പ്രകാരമായിരിക്കും തീര്‍പ്പാവുക.

ബാങ്കിന്റെ സാങ്കേതിക ശേഷികള്‍ പ്രയോജനപ്പെടുത്തി പുതിയ ജിഎസ്ടി പേമെന്റ് സംവിധാനം അവതരിപ്പിച്ചതോടെ നികുതി അടവുകള്‍ക്കായി ഇടപാടുകാര്‍ക്ക് മെച്ചപ്പെട്ട സംവിധാനം ലഭ്യമായിരിക്കുകയാണ് . നിലവിലെ ഇടപാടുകാര്‍ക്കും ഭാവി ഇടപാടുകാര്‍ക്കും രാജ്യത്തുടനീളമുള്ള ഫെഡറല്‍ ബാങ്കിന്റെ 1300ലേറെ ശാഖകളില്‍ ഈ സേവനം ലഭിക്കുന്നതാണ് ,’ ഫെഡറല്‍ ബാങ്ക് ഗ്രൂപ്പ് പ്രസിഡന്റും ഹോള്‍സെയില്‍ ബാങ്കിങ് കണ്‍ട്രി ഹെഡുമായ ഹര്‍ഷ് ദുഗര്‍ പറഞ്ഞു.

ഇതര ബാങ്ക് ഇടപാടുകാര്‍ക്കും കാശ്, ചെക്ക്, ഡിഡി മുഖേന ഫെഡറല്‍ ബാങ്ക് ശാഖകളില്‍ നേരിട്ടെത്തി ജിഎസ്ടി പേമെന്റ് ചെയ്യാവുന്നത്. ഇതിനായി ജിഎസ്ടി പോര്‍ടലില്‍ നിന്ന് ലഭിക്കുന്ന ചെലാന്‍, പണമിടപാടിനുള്ള തിരിച്ചറിയല്‍ രേഖ എന്നിവ കൂടി തുകയോടൊപ്പം ഹാജരാക്കണം.

TAGS: Federal Bank |