വിദേശത്തു നിന്ന് യൂട്ടിലിറ്റി ബില്ലുകള്‍ അടയ്ക്കാനുള്ള സൗകര്യമൊരുക്കി ഫെഡറല്‍ ബാങ്ക്

Posted on: September 26, 2022

കൊച്ചി : പ്രവാസികള്‍ക്ക് വിദേശത്തു നിന്ന് യൂട്ടിലിറ്റി ബില്ലുകള്‍ അടക്കാനുള്ള സൗകര്യത്തിന് തുടക്കം കുറിച്ച് ഫെഡറല്‍ ബാങ്ക്. റുപ്പി ഡ്രോയിങ് അറേഞ്ച്‌മെന്റിനു കീഴില്‍ ഭാരത് ബില്‍ പേയ്‌മെന്റ് സിസ്റ്റത്തിലൂടെ (ബിബിപിഎസ്) വിദേശത്തു നിന്നു പണ മയക്കാനുള്ള അനുമതി റിസര്‍വ്ബാങ്ക് കഴിഞ്ഞ ആഴ്ച നല്‍കിയിരുന്നു.

ഇതിനു തുടര്‍ച്ചയായാണ് നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യയുടെ പൂര്‍ണ സബ്‌സിഡിയറിയായ ഭാരത് ബില്‍ പേ ലിമിറ്റഡ്, ലുലു ഇന്റര്‍നാഷണല്‍ എക്‌സ്‌ചേഞ്ച്എന്നിവയുമായി സഹകരിച്ച് ഫെഡറല്‍ ബാങ്ക് പുതിയ സംവിധാനം അവതരിപ്പിച്ചത്. ഇതോടെ, എക്‌സ്‌ചേഞ്ച് ഹൗസുകളും ബാങ്കുകളും ഉള്‍പ്പെടെയുള്ള വിദേശ റെമിറ്റന്‍സ് പങ്കാളികള്‍ക്ക് 20,000ത്തിലേറെ ബില്ലര്‍മാരുടെ ഇരുപതിലേറെ വിഭാഗങ്ങളിലായുള്ള യൂട്ടിലിറ്റി ബില്ലുകള്‍ ചെലവ് കുറച്ചും സൗകര്യപ്രദമായ രീതിയിലും അടയ്ക്കാനാകും. മുംബൈയില്‍ നടന്ന ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റിവലില്‍ വെച്ച് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പുതിയ സംവിധാനം അവതരിപ്പിച്ചു.

വിദേശത്തു നിന്നു നേരിട്ട് ബില്‍ അടയ്ക്കാന്‍ സഹായിക്കുന്ന ഈസംവിധാനം ഡിജിറ്റല്‍ പേയ്‌മെന്റ് രീതികളെ ശക്തമാക്കുന്നതോടൊപ്പം ഗുണഭോക്താക്കള്‍ക്ക് ലളിതവുംസൗകര്യപ്രദവുമായ ബില്‍ അടയ്ക്കല്‍ സാധ്യമാക്കുകയും ചെയ്യുമെന്ന് ഫെഡറല്‍ ബാങ്ക് എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ ശാലിനി വാര്യര്‍ പറഞ്ഞു.

ഏതു സമയത്തും എവിടെ നിന്നും ബില്ലുകള്‍ അടയ്ക്കാനാകുന്ന ഒരുകുടക്കീഴിലെ സംവിധാനമാണ് ബിബിപിഎസ്, വിശ്വാസ്യതയോടും സുരക്ഷിതമായും ഈ സംവിധാനം വഴിഇടപാടുകള്‍ നടത്താം. വിദേശ ഇന്ത്യക്കാര്‍ക്ക് ഇന്ത്യയിലുള്ള അവരുടെ കുടുംബത്തിനു വേണ്ടി ബില്ലുകള്‍അടയ്ക്കാന്‍ പുതിയ സംവിധാനം സഹായകരമാണെന്ന് എന്‍പിസി ഐ ഭാരത് ബില്‍ പേയ്‌മെന്റ്‌സ് സിഇഒ നൂപുര്‍ ചതുര്‍വേദി പറഞ്ഞു.

 

TAGS: Federal Bank |