ഫെഡറല്‍ ബാങ്കും റിസര്‍വ് ബാങ്ക് ഇന്നോവേഷന്‍ ഹബും തമ്മില്‍ ധാരണ

Posted on: April 4, 2022

കൊച്ചി : സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം ലക്ഷ്യമിട്ട് റിസര്‍വ് ബാങ്ക് ഇന്നൊവേഷന്‍ ഹബ്ബ് നടപ്പിലാക്കുന്ന സ്വനാരി ടെക്സ്പ്രിന്റ് മേളയുടെ രണ്ടാഘട്ടത്തില്‍ ഫെഡറല്‍ ബാങ്ക് പങ്കാളിയാവുന്നു.

സ്ത്രീകള്‍ക്ക് കൂടുതല്‍ ഡിജിറ്റല്‍ സാമ്പത്തിക അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും അതുവഴി അവരെ ശാക്തീകരിക്കുകയും സ്വയംപര്യാപ്തരാക്കുകയും ചെയ്യുന്നതു ലക്ഷ്യമിട്ടുള്ളതാണ് ‘സ്വനാരി’ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സ്വനിര്‍ഭര്‍ നാരി പദ്ധതി.

പ്രധാനമായും സ്ത്രീകളായിരിക്കും പരിപാടി സംഘടിപ്പിക്കുന്നതും പങ്കെടുക്കുന്നതും. നിലവില്‍ പരിഹാരം കാണേണ്ട ഏഴു വിഷയങ്ങളാണ് മേളയില്‍ ചര്‍ച്ചയാകുക. പരിപാടിയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കും പങ്കെടുക്കാനുള്ള അവസരമുണ്ട്. ഏപ്രില്‍ 18 മുതല്‍ 22 വരെയാണ് മേള സംഘടിപ്പിക്കുന്നത്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വൊളണ്ടിയര്‍മാര്‍ക്കും വേണ്ടി www.swanaritechsprint.in എന്ന വെബ്സൈറ്റില്‍ രജിസ്ട്രേഷന്‍ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്.