ഓണ്‍ലൈന്‍ കോഴ്സുകള്‍ക്കായി എസ്ബിഐ എന്‍എസ്ഇ അക്കാദമി പങ്കാളിത്തം

Posted on: February 11, 2022

കൊച്ചി : ഇന്ത്യയിലെ മുന്‍നിര ബാങ്കിംഗ്, ധനകാര്യ സേവന ഗ്രൂപ്പായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സ്ട്രാറ്റജിക് ട്രെയ്നിംഗ് യൂണിറ്റ് ഓണ്‍ലൈന്‍ കോഴ്സുകള്‍ ആരംഭിയ്ക്കുന്നതിന് എന്‍എസ്ഇ അക്കാദമിയുമായി കൈകോര്‍ക്കുന്നു. സാമ്പത്തിക സാക്ഷരതയെ അനിവാര്യമായ ജീവിത നൈപുണ്യമായി കണ്ട് പ്രോത്സാഹിപ്പിക്കുന്ന സ്ഥാപനമാണ് എന്‍എസ്ഇ അക്കാദമി.

ഈ സഹകരണത്തിന്റെ ഭാഗമായി പഠിതാക്കള്‍ക്ക് എന്‍എസ്ഇ നോളജ് ഹബ് പ്ലാറ്റ് ഫോമില്‍ എസ്ബിഐയുടെ അഞ്ച് പ്രാരംഭ മാസീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്സു(എംഒഒസി)കള്‍ക്ക് ചേരാവുന്നതാണ്. ബാങ്കിംഗ് സംബന്ധിച്ച അടിസ്ഥാന കാര്യങ്ങള്‍, പൊതുവായ്പാ മാനദണ്ഡങ്ങള്‍, എംഎസ്എംഇകള്‍ക്കുള്ള വായ്പകള്‍, മുന്‍ഗണനാ മേഖലകള്‍ക്കുള്ള വായ്പാ മാനദണ്ഡങ്ങള്‍, ഇന്ത്യയിലെ ഇലക്ട്രോണിക് പെയ്മെന്റ് സംവിധാനം, എന്‍ആര്‍ഐ ബിസിനസ് തുടങ്ങിയവ വിഷയങ്ങള്‍ ആഴത്തില്‍ മനസിലാക്കാന്‍ കഴിയുന്നതരത്തില്‍ പ്രായോഗിക വശങ്ങള്‍ കൂടി സംയോജിപ്പിച്ചാണ് എസ്ബിഐ ഈ കോഴ്സുകള്‍ തയ്യാറാക്കിയിരിക്കുന്നത്. 3- 6 ആഴ്ചയാണ് കോഴ്സുകളുടെ ദൈര്‍ഘ്യം. പഠിതാക്കള്‍ ആഴ്ചയില്‍ 2- 3 മണിക്കൂര്‍ ഇതിനായി ചെലവഴിച്ചാല്‍ മതിയാകും.

എസ്ബിഐയുടെ ഇ- കോഴ്സുകള്‍ ബാങ്കിംഗിന്റെയും സാമ്പത്തിക സേവനങ്ങളുടെയും വിവിധ വശങ്ങളെക്കുറിച്ച് മികച്ച അറിവ് സമ്പാദിക്കാനും പ്രൊഫഷണല്‍ ജീവിതം കൂടുതല്‍ മൂല്യവത്താക്കാനാനും സഹായിക്കുമെന്നാണ് വിശ്വസിക്കുന്നതെന്ന് എസ്ബിഐയുടെ ഡിഎംഡി(എച്ച്ആര്‍)യും ഡിഇഒയുമായ ശ്രീ. ഓം പ്രകാശ് മിശ്ര പറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കുമായുള്ള എന്‍എസ്ഇയുടെ പങ്കാളിത്തം പ്രൊഫഷണലുകള്‍ക്ക് ബാങ്കിംഗ് സേവന മേഖലയില്‍ മികച്ച കരിയര്‍ കെട്ടിപ്പടുക്കാന്‍ സഹായിക്കുന്ന അതുല്യമായ പഠനാവസരം സമ്മാനിക്കുമെന്ന് എന്‍എസ്ഇയുടെ എംഡിയും സിഇഒയുമായ ശ്രീ. വിക്രം ലിമായെ പറഞ്ഞു.

 

TAGS: NSE Academy | SBI |