സിഎസ്ബി ബാങ്കിന് ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ ഡിജിറ്റല്‍ സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തും

Posted on: October 7, 2021

തൃശൂര്‍ : സിഎസ്ബി ബാങ്കിന്റെ ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി മാനേജ്‌മെന്റ് സിസ്റ്റത്തിന് ബ്രിട്ടീഷ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഇന്‍സ്റ്റിറ്റിയൂഷന്റെ ഐഎസ്ഒ 27001-2013 സര്‍ട്ടിഫിക്കറ്റ് ലഭിച്ചു.

ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങള്‍ ഉറപ്പാക്കുകയും സുരക്ഷിതമായ ബാങ്കിംഗ് സേവനങ്ങളിലൂടെയുളള യാത്ര കൂടുതല്‍ ശക്തമാക്കുകയും ചെയ്തുകൊണ്ട് സിഎസ്ബി ബാങ്കിന്റെ ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി മാനേജ്‌മെന്റ് സംവിധാനങ്ങള്‍ക്ക് ഇതോടെ പുതിയ അന്താരാഷ്ട്ര നിലവാരം ലഭിച്ചിരിക്കുകയാണ്. വിവരങ്ങളുടെ സുരക്ഷ, ഐടി, ഡാറ്റാ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം തുടങ്ങിയവയില്‍ കൂടുതല്‍ വിപുലമായ പ്രവര്‍ത്തനങ്ങള്‍ക്കുളള സാധ്യത കൂടിയാണ് ഈ സര്‍ട്ടിഫിക്കേഷനിലൂടെ ലഭ്യമാകുന്നത്.

തങ്ങളുടെ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന പദ്ധതികളും മേഖലകളും വികസിപ്പിച്ചെടുക്കാനാണ് സിഎസ്ബി ബാങ്ക് പരിശ്രമിക്കുന്നതെന്ന് സിഎസ്ബി ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ സി വിആര്‍ രാജേന്ദ്രന്‍ പറഞ്ഞു. ഡിജിറ്റ ബാങ്കിംഗ് വികസിപ്പിച്ച സൗകര്യങ്ങളോടെ കൂടുതല്‍ സുരക്ഷിതവും ലളിതവുമായ സേവനങ്ങള്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്കു നല്‍കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ബാങ്കിംഗിലെ ഉന്നത നിലവാരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ സിഎസ്ബി ബാങ്ക് മുന്നിലേക്കു കുതിക്കുന്നതിനുള്ള അംഗീകാരം കൂടിയാണ് ഐഎസ്ഒ സര്‍ട്ടിഫിക്കേഷനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചെറുകിട-ഇടത്തരം മേഖലയിലേക്കു കൂടുതല്‍ സേവനങ്ങള്‍ ലഭ്യമാക്കുമ്പോള്‍ കൂടുതല്‍ സുരക്ഷിതമായ പ്രക്രിയകള്‍ ഉണ്ടെന്നു കൂടി ഉറപ്പു വരുത്തുകയാണെന്ന് റീട്ടെയില്‍, എസ്എംഇ, സാങ്കേതികവിദ്യ, ഓപറേഷന്‍സ് വിഭാഗം പ്രസിഡന്റ് പ്രലയ് മൊണ്ട ചൂണ്ടിക്കാട്ടി. ഉപഭോക്താക്കളുടെ രഹസ്യാത്മകത, ഡാറ്റാ സംരക്ഷണം, വ്യക്തിത്വം എന്നിവ സംബന്ധിച്ച് ഏറ്റവും ഉയര്‍ന്ന നിലയിലുള്ള സുരക്ഷിതത്വം നല്‍കാനുള്ള ബാങ്കിന്റെ പ്രതിബദ്ധതയെ ശരിവെക്കുന്നതാണ് ഐഎസ്ഒ 27001 സര്‍ട്ടിഫിക്കേഷന്‍. വിവരങ്ങള്‍ സുരക്ഷിതമായി കൈകാര്യം ചെയ്യത, പ്രവര്‍ത്തന നഷ്ട സാധ്യതകള്‍ എന്നിവ സംബന്ധിച്ച് ആഗോള തലത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള നിലവാരമാണ് ഈ സര്‍ട്ടിഫിക്കേഷന്‍ എന്നും അദ്ദേഹം പറഞ്ഞു.

 

TAGS: CSB Bank |