ഐമൊബൈല്‍ പേയിലൂടെ സ്പര്‍ശന രഹിത ഇടപാട് അവതരിപ്പിച്ച് ഐസിഐസിഐ ബാങ്ക്

Posted on: October 7, 2021


കൊച്ചി : ഐസിഐസിഐ ബാങ്ക് തങ്ങളുടെ ബാങ്കിംഗ് ആപ്പായ ഐമൊബൈല്‍ പേയിലൂടെ ഉപഭോക്താക്കള്‍ക്ക് അവരുടെ സ്മാര്‍ട്ട്‌ഫോണുകളില്‍ തട്ടി (ടാപ്) കൊണ്ട് പിഒഎസ് മെഷീനുകളില്‍ സ്പര്‍ശന രഹിത ഇടപാടുകള്‍ നടത്താവുന്ന സംവിധാനം അവതരിപ്പിച്ചു.

ബാങ്കിന്റെ 1.5 കോടിയിലധികം വരുന്ന ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഇനി റീട്ടെയില്‍ സ്റ്റോറുകളില്‍ കാര്‍ഡുമായി പോകേണ്ടതില്ല. അടുത്ത ഫീല്‍ഡ് കമ്യൂണിക്കേഷന്‍ (എന്‍എഫ്‌സി) സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഐസിഐസിഐ ബാങ്ക് കാര്‍ഡുകളുടെ ഡിജിറ്റല്‍ പതിപ്പിലൂടെ നൂതനമായ പേയ്‌മെന്റ് സേവനം ഒരുക്കിയിട്ടുള്ളത്. ഡിജിറ്റല്‍ കാര്‍ഡ് ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് വാപാരികളുടെ പക്കല്‍ എന്‍എഫ്‌സി സാധ്യമായ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ പിഒഎസ് മെഷീനു സമീപം കൊണ്ടുവന്ന് വെറുതെ ചലിപ്പിച്ചാല്‍ ഇലക്ട്രോണിക്ക് പേയ്‌മെന്റ് നടത്താം.

സേവനം ലഭ്യമാക്കാന്‍ ഉപഭോക്താക്കള്‍ ഐമൊബൈല്‍ പേ ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും അപ്‌ഡേറ്റ് ചെയ്താല്‍ മതി. എന്‍എഫ്‌സി സാധ്യമായ ആന്‍ഡ്രോയിഡ് 6 അല്ലെങ്കില്‍ അതിനു മുകളിലുള്ള ഒഎസ് ഉള്ള സ്മാര്‍ട്ട്‌ഫോണുകളില്‍ സേവനം ലഭിക്കും. ‘ടാപ് ടു പേ’ സേവനത്തിന് ഉപഭോക്താക്കള്‍ ഐമൊബൈല്‍ പേയിലൂടെ ഒറ്റ തവണ ആക്റ്റിവേഷന്‍ ചെയ്യേണ്ടിവരും. പിന്നെ സൗകര്യപ്രദമായി റീട്ടെയില്‍ സ്റ്റോറുകളില്‍ സുരക്ഷിതമായ ഇടപാടുകള്‍ നടത്താം. ആര്‍ബിഐ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് ഉപഭോക്താക്കള്‍ക്ക് ടാപ്പിങ്ങിലൂടെ 5000 രൂപവരെയുള്ള ഇടപാടു നടത്താം. 5000 രൂപയ്ക്കു മുകളിലുള്ള ഇടപാടിന് പിഒഎസ് മെഷീനു സമീപം ഫോണ്‍ ചലിപ്പിക്കുമ്പോള്‍ കാര്‍ഡ് പിന്‍ കൂടി നല്‍കേണ്ടി വരും.

ഉപഭോക്താക്കള്‍ക്ക് നൂതനവും വേഗമേറിയതും സൗകര്യപ്രദവുമായ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ഐസിഐസിഐ ബാങ്ക് സാങ്കേതിക നവീകരണത്തില്‍ ശ്രദ്ധിക്കുന്നുവെന്നും അഞ്ചു വര്‍ഷം മുമ്പ് ആദ്യമായി ‘ടാപ് ടുപേ’ സംവിധാനം അവതരിപ്പിച്ചത് തങ്ങളാണെന്നും ഡിജിറ്റല്‍ വാലറ്റ് ആപ്പിലൂടെ അവതരിപ്പിച്ച സംവിധാനം ഇപ്പോള്‍ ഐമൊബൈല്‍ പേ ആപ്പിലൂടെ വിപുലമാക്കുകയാണെന്നും സ്പര്‍ശന രഹിതമായ ഈ സംവിധാനത്തിലൂടെ ഉപഭോക്താക്കള്‍ക്ക് പണമോ കാര്‍ഡോ കൊണ്ട് നടക്കാതെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് സുരക്ഷിത ഇടപാടുകള്‍ നടത്താനുള്ള സൗകര്യമാണ് ഒരുക്കുന്നതെന്നും ഇത് സാധ്യമാക്കിയതിന് സഹകരിക്കുന്ന വിസ, കോംവിവ എന്നിവരോട് നന്ദിയുണ്ടെന്നും ഐസിഐസിഐ ബാങ്കിന്റെ അണ്‍സെക്യൂറേഡ് അസ്സെറ്റ്‌സ് മേധാവി സുദിപ്ത റോയ് പറഞ്ഞു.

‘ടാപ് ടു പേ’ സൗകര്യം ഇപ്പോള്‍ വിസ കാര്‍ഡുകളില്‍ മാത്രമാണ് ലഭ്യമായിട്ടുള്ളത്. അടുത്തു തന്നെ മാസ്റ്റര്‍ കാര്‍ഡിലും ലഭ്യമാകും.

സ്പര്‍ശന രഹിത ഇടപാടുകള്‍ സുരക്ഷിതവും ലളിതവുമായി കൊണ്ടിരിക്കുകയാണെന്നും ഏഷ്യ പസിഫിക്കില്‍ മെര്‍ച്ചന്റ് ഔട്ട്‌ലെറ്റുകളിലെ രണ്ടില്‍ ഒരു ഇടപാട് സ്പര്‍ശന രഹിതമായാണ് നടക്കുന്നതെന്നും ഐസിഐസിഐയുമായി സഹകരിച്ച് ഐമൊബൈല്‍ പേ ആപ്പിലൂടെ ഇത് കൂടുതല്‍ ശക്തിപ്പെടുത്തുന്നതിലും ലക്ഷക്കണക്കിന് വരുന്ന വിസ കാര്‍ഡ് ഉടമകള്‍ക്ക് മൊബൈല്‍ ബാങ്കിംഗ് അനുഭവം പകരുന്നതിലും സന്തോഷമുണ്ടെന്നും വിസ ഇന്ത്യ, ദക്ഷിണേഷ്യ ഗ്രൂപ്പ് കണ്‍ട്രി മാനേജര്‍ ടി. ആര്‍. രാമചന്ദ്രന്‍ പറഞ്ഞു.

പേയ്‌മെന്റ് സംവിധാനം ആധുനികവല്‍ക്കരിക്കുന്നതില്‍ ഐസിഐസിഐയുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ലോകത്തെ പ്രമുഖ ഡിജിറ്റല്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളിലൊന്നായ കോംവിവയുടെ വേഗമാര്‍ന്ന സുരക്ഷിതവും സൗകര്യപ്രദവുമായ പേയ്‌മെന്റ് അനുഭവം ഐസിഐസിഐ ബാങ്ക് ഉപഭോക്താക്കള്‍ക്ക് പകരുന്നതിന്റെ ആഹ്‌ളാദത്തിലാണെന്നും ഐമൊബൈല്‍ പേയുടെ ‘ടാപ് ടു പേ’ സുരക്ഷിതമായ സ്പര്‍ശന രഹിത പേയ്‌മെന്റ് സംവിധാനത്തിന്റെ വളര്‍ച്ചയ്ക്ക് ഉണര്‍വേകുമെന്നും ഡിജിറ്റല്‍ സമ്പദ്ഘടനയുടെ വളര്‍ച്ചയ്ക്ക് സംഭാവന നല്‍കുമെന്നും കോംവിവ ഇവിപിയും ചീഫ് ഗ്രോത്ത് ആന്‍ഡ് ട്രാന്‍സ്‌ഫൊര്‍മേഷന്‍ ഓഫീസറുമായ ശ്രീനിവാസ് നിഡുഗോണ്ടി പറഞ്ഞു.

 

TAGS: ICICI BANK |