എസ് ബി ഐ യില്‍ പലിശ ഇളവ്

Posted on: August 17, 2021

മുംബൈ : രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിനോടനുബന്ധിച്ചും ഉത്സവകാലം മുന്‍നിര്‍ത്തിയും പ്രത്യേക ഓഫറുകളുമായി എസ്.ബി.ഐ. ഭവന – വാഹന വായ്പകള്‍ക്ക് പലിശയിളവ്, പ്രൊസസിംഗ് ഫീസ് ഒഴിവാക്കല്‍, പ്രത്യേകസ്ഥിരനിക്ഷേപ പദ്ധതി എന്നിവയാണ് ബാങ്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

വാഹന വായ്പകള്‍ക്ക് പ്രൊസസിംഗ് ഫീസ് പൂര്‍ണമായി ഒഴിവാക്കി. ഓണ്‍ റോഡ് വിലയുടെ 90 ശതമാനം വരെ വായ്പ ലഭ്യമാകും. യോനോ ആപ്പ് വഴിയുള്ള കാര്‍ വായ്പകള്‍ക്ക് കാല്‍ ശതമാനം പലിശയിളവുലഭിക്കും. ഇതുവഴി യോനോ ഉപഭോക്താക്കള്‍ക്ക് 7.5 ശതമാനം മുതല്‍ വാര്‍ഷിക പലിശയ്ക്ക് വാഹനവായ്പ ലഭിക്കുമെന്ന് ബാങ്ക് അറിയിച്ചു.

സ്വര്‍ണപ്പണയ വായ്പകളില്‍ 0.75 ശതമാനം പലിശയിളവ് പ്രഖ്യാപിച്ചു. 7.5 ശതമാനം മുതലായിരിക്കും പലിശ. യോനോ ആപ്പുവഴിയുള്ള സ്വര്‍ണപ്പണയ വായ്പകള്‍ക്ക് പ്രൊസസിംഗ് ഫീസ് ഉണ്ടാകില്ല. വ്യക്തിഗത – പെന്‍ഷന്‍ വാപുകളെടുക്കുന്നവര്‍ക്ക് പ്രൊസസിംഗ് ഫീസ് പൂര്‍ണമായി ഒഴിവാക്കി നല്‍കും. കോവിഡ് പോരാളികളായ ആരോഗ്യപ്രവര്‍ത്തകരുടെ വ്യക്തിഗതവായ്പാ അപേക്ഷകളില്‍ അരശതമാനം പലിശയിളവു നല്‍കും. കാര്‍, സ്വര്‍ണപ്പണയ വായ്പകള്‍ക്കും ഈ ഇളവ് വൈകാതെ ലഭ്യമാക്കുമെന്നുംബാങ്ക് അറിയിച്ചു.

സ്വാതന്ത്ര്യത്തിന്റ 75 -ാം വാര്‍ഷികത്താ ടനുബന്ധിച്ച് ‘പ്ലാറ്റിനം സ്ഥിര നിക്ഷേപം’ എന്നപദ്ധതി അവതരിപ്പിച്ചു. ഇതുപ്രകാരം 75 ദിവസം,75 ആഴ്ച, 76 മാസം എന്നിങ്ങനെ കാലാവധിയിലുള്ള നിക്ഷേപത്തിന് 0.15 ശതമാനം അധികപലിശ ലഭിക്കും.

ഓഗസ്റ്റ് 15 മുതല്‍ സെപ്റ്റംബര്‍ 14 വരെയായിരിക്കും പദ്ധതി പ്രാബല്യത്തിലുണ്ടാവുക.ഭവനവായ്പകള്‍ക്ക് ഓഗസ്റ്റ് 31 വരെ പ്രൊസസിങ് ഫീസ് എസ്.ബി.ഐ. നേരത്തെ ഒഴിവാക്കിയിരുന്നു.

 

TAGS: SBI |