വായ്പയിലും നിക്ഷേപ വളര്‍ച്ചയിലും മഹാരാഷ്ട്ര ബാങ്ക് പൊതുമേഖലാ ബാങ്കുകളില്‍ ഒന്നാമത്

Posted on: June 15, 2021

കൊച്ചി : 2020-21 സാമ്പത്തിക വര്‍ഷത്തില്‍ വായ്പയുടെയും നിക്ഷേപ വളര്‍ച്ചയുടെയും കാര്യത്തില്‍ പൊതുമേഖലാ ബാങ്കുകളില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്ര ഒന്നാം സ്ഥാനത്ത്. 2020-21ല്‍ മൊത്തം വായ്പ 13.45 ശതമാനം വര്‍ധന രേഖപ്പെടുത്തി 1.07 ലക്ഷം കോടി രൂപയായി. നിക്ഷേപ സമാഹരണത്തില്‍, രാജ്യത്ത് ഏറ്റവും കൂടുതല്‍ വായ്പ നല്‍കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെക്കാള്‍ 16% വളര്‍ച്ചയാണ് ബാങ്ക് ഓഫ് മഹാരാഷ്ട്ര കൈവരിച്ചത്.

ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ കറന്റ് അക്കൗണ്ട് സേവിംഗ്‌സ് അക്കൗണ്ടില്‍ 24.47 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇത് പൊതുമേഖലാ ബാങ്കുകളില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. ബാങ്കിന്റെ മൊത്തം ബാധ്യതയായ 93,945 കോടി രൂപയുടെ 54% മാണ് കറണ്ട് അക്കൗണ്ട് സേവിംഗ്സ് അക്കൗണ്ട്.

ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ മൊത്തം ബിസിനസ്സ് 14.98 ശതമാനം ഉയര്‍ന്ന് 2.81 ലക്ഷം കോടി രൂപയായി. 2020-21 സാമ്പത്തിക വര്‍ഷം ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ മൊത്തം അറ്റാദായം 42 ശതമാനം ഉയര്‍ന്ന് 550.25 കോടി രൂപയായി. മുന്‍ വര്‍ഷം 388.58 കോടി രൂപയായിരുന്നു ലാഭം.

ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തി 2021 മാര്‍ച്ച് അവസാനത്തോടെ മൊത്തം അഡ്വാന്‍സിന്റെ 7.23 ശതമാനമായി കുറഞ്ഞതിനാല്‍ ബാങ്കിന്റെ ആസ്തി ഗണ്യമായി മെച്ചപ്പെട്ടു, 2020 ഇതേ കാലയളവില്‍ ഇത് 12.81 ശതമാനമായിരുന്നു.

ബാങ്കിന്റെ ആകെ ബാഡ് ലോണുകള്‍ 2021 മാര്‍ച്ച് അവസാനത്തോടെ 7,779.68 കോടി രൂപയായിരുന്നു. മുന്‍വര്‍ഷം ഇത് 12,152.15 കോടി രൂപയായിരുന്നു. നെറ്റ് എന്‍പിഎകള്‍ 4.77 ശതമാനത്തില്‍ നിന്ന് 2.48 ശതമാനമായി കുറഞ്ഞു.