20 ലക്ഷം ഇതര ബാങ്ക് ഉപഭോക്താക്കള്‍ ഐമൊബൈല്‍ പേ ഉപയോഗിക്കുന്നു എന്ന് ഐസിഐസിഐ ബാങ്ക്

Posted on: June 9, 2021

കൊച്ചി : ഇതര ബാങ്കുകളിലെ 20 ലക്ഷത്തിലധികം ഉപഭോക്താക്കള്‍ തങ്ങളുടെ നവീകരിച്ച മൊബൈല്‍ ബാങ്കിംഗ് ആപ്ലിക്കേഷനായ ഐമൊബൈല്‍ പേ ഉപയോഗിക്കുന്നുണ്ടെന്ന് ഐസിഐസിഐ ബാങ്ക് അറിയിച്ചു. ഇതര ബാങ്കുകളുടെ ഉപഭോക്താക്കള്‍ക്ക് അടക്കം എല്ലാവര്‍ക്കുമായി ഐമൊബൈല്‍ പേയില്‍ പ്രവേശനം നല്‍കിയ ശേഷം, വെറും അഞ്ച് മാസത്തിനുള്ളിലാണ് ബാങ്ക് ഈ നാഴികക്കല്ല് പിന്നിട്ടത്. പേ ടു കോണ്‍ടാക്റ്റ്, ബില്‍ പേയ്‌മെന്റ്‌സ്, സ്‌കാന്‍ ടു പേ തുടങ്ങി സവിശേഷമായ ഫീച്ചറുകളാണ് ഉപഭോക്താക്കള്‍ കൂടുതലായും ഉപയോഗിക്കുന്നത്.

2020 ഡിസംബറിലാണ്, ഐമൊബൈല്‍ പേ അവതരിപ്പിച്ചത്. ബാങ്കിംഗ് രംഗത്തെ ഇത്തരത്തിലുള്ള ആദ്യ സംരംഭത്തിലൂടെ, ഏത് ബാങ്കിന്റെയും ഉപയോക്താക്കളെ അവരുടെ അക്കൗണ്ട് ആപ്ലിക്കേഷനുമായി ലിങ്ക് ചെയ്യാനും, പേയ്‌മെന്റുകളും ഇടപാടുകളും ഡിജിറ്റലായി നടത്തുന്നതിനും ആപ് വഴിയൊരുക്കി. മഹാമാരിയുടെ പശ്ചാത്തലത്തില്‍ സേവിങ്‌സ് അക്കൗണ്ട്, ഭവനവായ്പ, ക്രെഡിറ്റ് കാര്‍ഡ്, വ്യക്തിഗത വായ്പ എന്നിവയുള്‍പ്പെടെ ഐസിഐസിഐ ബാങ്ക് സേവനങ്ങളുടെ മുഴുവന്‍ ശ്രേണിയിലേക്കുമുള്ള പ്രവേശനവും ആപിലൂടെ ലഭ്യമാക്കി.

ഏതെങ്കിലും പേയ്‌മെന്റ് ആപ്ലിക്കേഷനിലോ ഡിജിറ്റല്‍ വാലറ്റിലോ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഒരു മൊബൈല്‍ നമ്പറിലേക്കോ, അവരുടെ സുഹൃത്തുക്കളുടെ/കോണ്‍ടാക്റ്റുകളുടെ യുപിഐ ഐഡിയിലേക്കോ പണം അയക്കല്‍ സാധ്യമാക്കുന്ന പേ ടു കോണ്‍ടാക്റ്റ് ആണ് ഐമൊബൈല്‍ പേ വാഗ്ദാനം ചെയ്യുന്ന പ്രധാന സവിശേഷതകളിലൊന്ന്. വൈദ്യുതി, ഗ്യാസ്, വെള്ളം തുടങ്ങിയവയുടെ ബില്‍ അടയ്ക്കല്‍, മറ്റ് ബാങ്കുകള്‍ ഉള്‍പ്പെടെയുള്ളവയുടെ ഫാസ്റ്റ്ടാഗ് റീചാര്‍ജ്, ഇന്‍ഷുറന്‍സ്, മൊബൈല്‍ പോസ്റ്റ്‌പെയ്ഡ് റീചാര്‍ജ് തുടങ്ങിയ സൗകര്യങ്ങള്‍ ആപിന്റെ ഹോം സ്‌ക്രീനില്‍ തന്നെ ലഭ്യമാക്കിയിട്ടുണ്ട്. ഏത് ബാങ്ക് അക്കൗണ്ടും ആപ്ലിക്കേഷനുമായി ലിങ്ക് ചെയ്ത് ഒരു യുപിഐ ഐഡി സൃഷ്ടിക്കുന്നതിലൂടെ, ഐമൊബൈല്‍ പേ ഉപയോഗിച്ച് തുടങ്ങാം. ഗൂഗിള്‍പ്ലേ/ആപ്പിള്‍ ആപ്ലിക്കേഷന്‍ സ്റ്റോര്‍ എന്നിവയില്‍ നിന്ന് ആപ് ഡൗണ്‍ലോഡ് ചെയ്യാം.

മറ്റു ബാങ്കുകളിലെ 20 ലക്ഷത്തിലധികം ഉപഭോക്താക്കള്‍ അവരുടെ ദൈനംദിന സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി തങ്ങളുടെ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നതില്‍ വളരെയധികം സന്തോഷമുണ്ടെന്നും ഐസിഐസിഐ ബാങ്ക് ഡിജിറ്റല്‍ ചാനല്‍സ് ആന്‍ഡ് പാര്‍ട്ണര്‍ഷിപ് ഹെഡ് ബിജിത് ഭാസ്‌കര്‍ പറഞ്ഞു. 2008ല്‍ ഐമൊബൈല്‍ എന്ന പേരില്‍ രാജ്യത്ത് ആദ്യമായി ഒരു മൊബൈല്‍ ബാങ്കിംഗ് ആപ്ലിക്കേഷന്‍ അവതരിപ്പിച്ചത് ഐസിഐസിഐയാണ്.എന്‍പിസിഐയുടെ പരസ്പര പ്രവര്‍ത്തനക്ഷമമായ അടിസ്ഥാന നിര്‍ദേശ പ്രേരണയിലാണ് ഇത് സാധ്യമാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

TAGS: ICICI BANK |