എസ്ബിഐയും പേടിഎമ്മും ചേര്‍ന്ന് അവതരിപ്പിക്കുന്നു പേടിഎം എസ്ബിഐ കാര്‍ഡ്

Posted on: November 7, 2020

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ക്രെഡിറ്റ് കാര്‍ഡ് ദാതാക്കളായ എസ്ബിഐ കാര്‍ഡും പ്രമുഖ ഡിജിറ്റല്‍ സാമ്പത്തിക സേവന പ്ലാറ്റ്ഫോമായ പേടിഎമ്മും സഹകരിച്ച് ഇന്ത്യയിലെ അടുത്ത തലമുറ ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിക്കുന്നു. പേടിഎം എസ്ബിഐ കാര്‍ഡ്, പേടിഎം എസ്ബിഐ കാര്‍ഡ് സെലക്റ്റ് എന്നിങ്ങനെ രണ്ടു വേരിയന്റുകളില്‍ കാര്‍ഡ് ലഭ്യമാണ്. വിസ പ്ലാറ്റ്ഫോമിലാണ് ഉത്പന്നം അവതരിപ്പിച്ചിരിക്കുന്നത്. പേടിഎം എസ്ബിഐ കാര്‍ഡ് ഏറെ സ്മാര്‍ട്ട് സവിശേഷതകളും റിവാര്‍ഡുകളും നേട്ടങ്ങളുമായി ഉപഭോക്താക്കളുടെ ക്രെഡിറ്റ് കാര്‍ഡ് അനുഭവത്തെ തന്നെ മാറ്റിമറിക്കും.

എസ്ബിഐ കാര്‍ഡ് മൊബൈല്‍ ആപ്പിലെയും പേടിഎം ആപ്പിലെയും സ്മാര്‍ട്ട് ടാപ്പ് ഫീച്ചറിലൂടെ പേടിഎം എസ്ബിഐ കാര്‍ഡ് ഉടമയ്ക്ക് കാര്‍ഡുകള്‍ നിയന്ത്രിക്കാം. കാര്‍ഡിന്റെ ഓണ്‍ലൈന്‍ ഇടപാടുകള്‍ ഒറ്റ ടച്ചില്‍ ബ്ലോക്ക് ചെയ്യാനും ബ്ലോക്ക് മാറ്റാനും സാധ്യമാണ്. കാര്‍ഡ് നഷ്ടപ്പെട്ടാലും ഡ്യൂപ്ലിക്കേറ്റ് കാര്‍ഡ് ലഭിച്ചാലും ഇത് സാധ്യമാണ്. ക്രെഡിറ്റ് പരിധി അറിയാനും ഒറ്റ ടച്ച് മതി. ചെലവിനെ കുറിച്ച് അറിയാനും ഭാവിയിലെ ചെലവുകള്‍ പ്ലാന്‍ ചെയ്യാനും പേടിഎം ആപ്പ് സംവിധാനമൊരുക്കുന്നുണ്ട്. പേടിഎം ഉപഭോക്താക്കള്‍ക്ക് കാര്‍ഡില്‍ താല്‍പര്യമുണ്ടെങ്കില്‍ ഒരു മിനിറ്റിനുള്ളില്‍ പേടിഎം ആപ്പിലൂടെ രജിസ്റ്റര്‍ ചെയ്യാം.

ഉപഭോക്താക്കള്‍ക്ക് പരമാവധി സേവിംഗ്സ് നടത്താവുന്ന രീതിയില്‍ പേടിഎം എസ്ബിഐ കാര്‍ഡും പേടിഎം എസ്ബിഐ കാര്‍ഡ് സെലക്റ്റും ഉപയോഗിക്കാം. പേടിഎമ്മിലെ 5 ശതമാനം കാഷ്ബാക്ക്, സിനിമ ടിക്കറ്റ്, പേടിഎം മാള്‍ പേയ്മെന്റുകള്‍ (പേടിഎം ഇകൊമേഴ്സ് സ്റ്റോറില്‍ നിന്നും വസ്ത്രം, ഇലക്ട്രോണിക്ക്സ്, ഗാഡ്ജറ്റുകള്‍ തുടങ്ങിയവ വാങ്ങുമ്പോള്‍), ട്രാവല്‍ ടിക്കറ്റുകള്‍ (ബസ്, ട്രെയിന്‍, വിമാനം), പേടിഎം ആപ്പിലെ ചെലവില്‍ 2 ശതമാനം കാഷ്ബാക്ക്, യൂട്ടിലിറ്റി ബില്ലുകള്‍, മൊബൈല്‍ റീചാര്‍ജുകള്‍ തുടങ്ങിയവ, മറ്റെല്ലാ ഓണ്‍ലൈന്‍-ഓഫ്ലൈന്‍ ചെലവുകള്‍ക്കും 1 ശതമാനം കാഷ്ബാക്ക് തുടങ്ങിയ ആനൂകൂല്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ആസ്വദിക്കാം.

പേടിഎം ആപ്പില്‍ നവംബര്‍ ഒന്നു മുതല്‍ ലൈവായ വെയ്റ്റ് ലിസ്റ്റില്‍ ചേരുന്നതു വഴി തെരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കള്‍ക്ക് കാര്‍ഡ് നേരത്തെ സ്വന്തമാക്കാനും അവസരമുണ്ട്. ഇന്ത്യയിലെ ക്രെഡിറ്റ് കാര്‍ഡ് വ്യവസായം ഇനിയും ദുര്‍ബലമാണെന്നും സാമൂഹ്യ അകലവും സുരക്ഷിതമായ കാഷ്ലെസ് പേയ്മെന്റുകളും നിലവിലെ ജീവിത രീതിയായതോടെ ഡിജിറ്റല്‍ പേയ്മെന്റുകള്‍ക്ക് എല്ലാ ഭാഗത്തു നിന്നും താല്‍പര്യം ജനിച്ചിട്ടുണ്ടെന്നും ക്രെഡിറ്റ് കാര്‍ഡുകള്‍ എല്ലാവര്‍ക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പേടിഎമ്മുമായി സഹകരിക്കുന്നതെന്നും ഈ സഹകരണത്തോടെ പേടിഎമ്മിന്റെ ഉപഭോക്താക്കളായ പുതുതലമുറയിലേക്ക് കൂടി എത്താനാകുമെന്നാണ് കരുതുന്നതെന്നും ക്രെഡിറ്റ് കാര്‍ഡിന്റെ നേട്ടങ്ങള്‍ക്കൊപ്പം സുരക്ഷിതവും സൗകര്യപ്രദവുമായ പേയ്മെന്റ് സംവിധാനമാണ് ഒരുക്കുന്നതെന്നും എസ്ബിഐ കാര്‍ഡ് എംഡിയും സിഇഒയുമായ അശ്വിനി കുമാര്‍ തിവാരി പറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും ആത്മാര്‍ത്ഥതയുള്ള, ബുദ്ധിപരമായ ഏറെ നേട്ടങ്ങള്‍ നല്‍കുന്ന ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിക്കുന്നതില്‍ എസ്ബിഐയുടെ സഹകരണത്തെ തങ്ങള്‍ അഭിമാനത്തോടെ സ്വാഗതം ചെയ്യുന്നുവെന്നും ഇന്ത്യയിലെ യുവജനങ്ങള്‍ക്കും പ്രൊഫഷണലുകള്‍ക്കും നേട്ടങ്ങള്‍ ലഭ്യമാക്കുന്ന തരത്തിലാണ് തങ്ങളുടെ കാര്‍ഡുകളുടെ രൂപകല്പ്പനയെന്നും ഇത് അവരുടെ സാമ്പത്തിക ജീവിതത്തെ ആരോഗ്യപരമായി പരിപാലിക്കുന്നതിലും ചെലവുകള്‍ മനസിലാക്കുന്നതിലും സഹായിക്കുമെന്നും ഈ സഹകരണത്തിലൂടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ജനകീയവല്‍ക്കരിക്കുകയാണെന്നും ഇതോടെ പുതിയ ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കളെ കൂടി സ്വാഭാവിക സമ്പദ് വ്യവസ്ഥയുടെ ഭാഗമാക്കി ക്രെഡിറ്റ് കാര്‍ഡ് വിപണിയെ തന്നെ മാറ്റിമറിക്കുമെന്ന് വിശ്വസിക്കുന്നതായും പേടിഎം ലെന്‍ഡിങ് സിഇഒ ഭാവേഷ് ഗുപ്ത പറഞ്ഞു.

ഇന്ത്യയിലെ മൂല്യമേറിയ രണ്ട് സഹകാരികളുമായി കൈകോര്‍ക്കുന്നതില്‍ സന്തോഷമുണ്ടെന്നും എസ്ബിഐയും പേടിഎമ്മും ചേര്‍ന്ന് നൂതനമായ ഉത്പന്നമാണ് വിപണിയിലെത്തിക്കുന്നതെന്നും ടാപ്പ് കാര്‍ഡ് പോലുള്ളവയ്ക്ക് പ്രസക്തിയേറുന്ന ഈ കാലത്ത് പ്രീമിയം ഓഫറുകളും ഡിസ്‌ക്കൗണ്ടുകളുമായി മൂന്നു പങ്കാളികളും ചേര്‍ന്ന് ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ആവേശകരമായ ഓഫറുകളാണ് നല്‍കുന്നതെന്നും ഈ സഹകരണത്തിലൂടെ ഇന്ത്യക്കാര്‍ക്ക് അവേശകരമായ ഡിജിറ്റല്‍ പേയ്മെന്റ് ഉത്പന്നങ്ങള്‍ അവതരിപ്പിക്കുന്നതില്‍ ആഹ്ളാദമുണ്ടെന്നും വിസ ഇന്ത്യ, ദക്ഷിണേഷ്യ ഗ്രൂപ്പ് കണ്‍ട്രി മാനേജര്‍ ടി.ആര്‍.രാമചന്ദ്രന്‍ പറഞ്ഞു. എന്റോള്‍മെന്റ് ഘട്ടം മുതല്‍ തന്നെ കാര്‍ഡ് മൂല്യം നല്‍കുന്നു. ആദ്യ പേടിഎം മെമ്പര്‍ഷിപ്പില്‍ 750 രൂപയുടെ നേട്ടം ലഭിക്കും. പേടിഎം എസ്ബിഐ കാര്‍ഡ് സെലക്റ്റ് ആദ്യ ഉപയോഗത്തില്‍ 750 രൂപ കാഷ്ബാക്ക് നല്‍കുന്നു.

പേടിഎം എസ്ബിഐ കാര്‍ഡ് സെലക്റ്റ് ഉപഭോക്താക്കള്‍ക്ക് ആദ്യ രണ്ടു വര്‍ഷത്തെ മെമ്പര്‍ഷിപ്പിന് പ്രയോറിറ്റി പാസ് മെമ്പര്‍ഷിപ്പ് ലഭിക്കും. നാലു വര്‍ഷത്തേക്ക് ഓരോ വര്‍ഷവും ഡൊമസ്റ്റിക് എയര്‍പോര്‍ട്ട് ലോഞ്ച് സന്ദര്‍ശനത്തിന് നാലു തവണ കോംപ്ലിമെന്റി പാസ് ലഭിക്കും. ഇതു കൂടാതെ വിവിധ ഇടപാടുകള്‍ക്ക് ഉപഭോക്താക്കള്‍ക്ക് റിവാര്‍ഡുകളും ലഭിക്കും. നിശ്ചിത നാഴികക്കല്ലു പിന്നിടുന്ന പേടിഎം എസ്ബിഐ കാര്‍ഡ് സെലക്റ്റ് ഉപഭോക്താക്കള്‍ക്ക് വാര്‍ഷികമായി 6000 രൂപയുടെ ഗിഫ്റ്റ് വൗച്ചറുകളും ലഭിക്കും. പേടിഎം എസ്ബിഐ കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് വാര്‍ഷിക ചെലവ് ഒരു ലക്ഷം എത്തുമ്പോള്‍ ആദ്യ മെമ്പര്‍ഷിപ്പ് വൗച്ചര്‍ ലഭിക്കും.

കാര്‍ഡ് ഉടമകള്‍ക്ക് ഇന്ധന സര്‍ച്ചാര്‍ജില്‍ ഒരു ശതമാനം ഇളവുമുണ്ട്. സൈബര്‍ തട്ടിപ്പില്‍ നിന്നും സംരക്ഷിക്കുന്നതിനായി ഒന്ന്, രണ്ട് ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് കവറേജുമുണ്ട്. ഉപഭോക്താക്കള്‍ക്ക് പേടിഎം ആപ്പിലൂടെ രണ്ടു കാര്‍ഡുകള്‍ക്കും അപേക്ഷിക്കാം. പേടിഎം എസ്ബിഐ കാര്‍ഡിന് 499 രൂപയും പേടിഎം എസ്ബിഐ കാര്‍ഡ് സെലക്റ്റിന് 1499 രൂപയുമാണ് വാര്‍ഷിക ഫീസ്. പേടിഎം ആപ്പിലൂടെ ഉപഭോക്താക്കള്‍ക്ക് രണ്ടു നിറങ്ങളില്‍ നിന്നും ഇഷ്ടമുള്ള കാര്‍ഡ് തെരഞ്ഞെടുക്കാനും അവസരമുണ്ട്.

 

TAGS: Paytm | SBI |