കേരളത്തിൽ 3,100 കോടിയുടെ വായ്പാ ലക്ഷ്യത്തോടെ ഐസിഐസിഐ ബാങ്ക്‌

Posted on: June 26, 2019

കൊച്ചി: കേരളത്തിലെ ചെറുകിട വായ്പാ വിതരണം 2020 സാമ്പത്തിക വര്‍ഷത്തില്‍ 20 ശതമാനത്തിലേറെ വളര്‍ച്ചയോടെ 3,100 കോടി രൂപയിലെത്തിക്കുവാന്‍ ലക്ഷ്യമിടുന്നതായി ഐ.സി.ഐ.സി.ഐ. ബാങ്ക് പ്രഖ്യാപിച്ചു. ചെറുകിട വായ്പാ മേഖലയിലെ രണ്ടു പ്രധാന വിഭാഗങ്ങളായ ഉപഭോക്തൃ വായ്പകളും മോര്‍ട്ടേഗേജ് വായ്പകളും വന്‍ തോതില്‍ വളര്‍ത്തി ഈ ലക്ഷ്യം നേടാനാണ് ബാങ്ക് ഉദ്ദേശിക്കുന്നത്. വ്യക്തിഗത വായ്പകളും വാഹന വായ്പകളും അടങ്ങിയ ഉപഭോക്തൃ വായ്പകളുടെ വിതരണം 22 ശതമാനത്തോളം ഉയര്‍ന്ന് 2,200 കോടി രൂപയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതേ സമയം ഭവന വായ്പകള്‍ ഉള്‍പ്പെടെയുള്ള മോര്‍ട്ട്‌ഗേജുകള്‍ 20 ശതമാനത്തോളം വര്‍ധിച്ച് 900 കോടി രൂപയ്ക്കടുത്ത് എത്തുമെന്നും പ്രതീക്ഷിക്കുന്നു.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേരളത്തിലെ ചെറുകിട ഉപഭോക്തൃ വായ്പകളുടെ കാര്യത്തില്‍ ഗണ്യമായ വളര്‍ച്ചയാണു ദൃശ്യമായതെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച ഐ.സി.ഐ.സി.ഐ. ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അനൂപ് ബാഗ്ചി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന്റെ സമ്പദ്ഘടനയിലും മികച്ച വളര്‍ച്ചയാണുള്ളത്. 2020 സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിലെ ഉപഭോക്തൃ വായ്പകളുടേയും മോര്‍ട്ട്‌ഗേജുകളുടേയും വിതരണത്തില്‍ വന്‍ വളര്‍ച്ചയ്ക്കുള്ള സാധ്യതകളാണു തങ്ങള്‍ കാണുന്നതെന്നും ഇത് 20 ശതമാനത്തിനു മേല്‍ വര്‍ധിച്ച് 2020 സാമ്പത്തിക വര്‍ഷത്തില്‍ 3,100 കോടി രൂപയിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഉപഭോക്തൃ വായ്പാ വിഭാഗത്തില്‍ വ്യക്തിഗത വായ്പകളുടേയും അണ്‍സെക്യൂര്‍ഡ് വിഭാഗത്തില്‍ പെട്ട ബിസിനസ്സ് വായ്പകളുടേയും രംഗത്ത് കേരളത്തില്‍ ഗണ്യമായ വളര്‍ച്ചയാണ് ദര്‍ശിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സാങ്കേതികവിദ്യാ പിന്‍ബലത്തോടെ തങ്ങള്‍ നല്‍കുന്ന ഇന്‍സ്റ്റാ-പി.എല്‍. എന്ന പദ്ധതിയാണ് വ്യക്തിഗത വായ്പാ രംഗത്തെ തങ്ങളുടെ വളര്‍ച്ചയില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നത്. മുന്‍കൂട്ടി അനുമതി ലഭിച്ചിട്ടുള്ള ഉപഭോക്താക്കള്‍ക്ക് ഇന്റര്‍നെറ്റ്, മൊബൈല്‍ ബാങ്കിങ് സംവിധാനത്തിലൂടെ വ്യക്തിഗത വായ്പകള്‍ക്ക് അപേക്ഷിക്കുകയും 15 ലക്ഷം രൂപ വരെ അവരുടെ അക്കൗണ്ടില്‍ ഉടനടി ലഭിക്കുകയും ചെയ്യുന്ന സേവനമാണിത്. സംസ്ഥാനത്തെ വ്യക്തിഗത വായ്പാ വിതരണത്തിന്റെ മുന്നിലൊന്നോളം ഇന്‍സ്റ്റാ-പി.എല്‍. വഴിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്വയം തൊഴില്‍ ചെയ്യുന്നവര്‍ ഹൃസ്വകാല വായ്പകള്‍ക്കാണു താല്‍പ്പര്യം കൂടുതല്‍ പ്രകടിപ്പിക്കുന്നതെന്നും അവരുടെ ഭാഗത്തു നിന്ന് അണ്‍സെക്യൂര്‍ഡ് വിഭാഗത്തില്‍ പെട്ട ബിസിനസ്സ് വായ്പകള്‍ക്ക് കൂടുതല്‍ ആവശ്യമുണ്ടാകുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വയം തൊഴില്‍ ചെയ്യുന്ന വ്യക്തികളുടെ ആവശ്യങ്ങള്‍ നിറവേറ്റാനാകും വിധം സവിശേഷമായി തയ്യാറാക്കിയ ‘ബിസിനസ്സ് ഇന്‍സ്റ്റാള്‍മെന്റ് വായ്പകള്‍’ ബാങ്ക് അവതരിപ്പിച്ചിട്ടുണ്ട്. ബാങ്കിങ് സ്വഭാവം, വില്‍പ്പന വരുമാനം, ഭവന-വാഹന വായ്പകളുടെ തിരിച്ചടവ്. ജി.എസ്.ടി. റിട്ടേണ്‍ തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് ഇതിലെ വായ്പകള്‍ സംബന്ധിച്ച തീരുമാനം കൈക്കൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.

വാഹന വായ്പകള്‍ക്കുള്ള അന്തിമ അനുമതിക്കത്ത് തല്‍ക്ഷണം ലഭ്യമാക്കി തങ്ങളുടെ ദശലക്ഷക്കണക്കിന് ഉപഭോക്താക്കളെ ശക്തരാക്കുന്ന വിധത്തില്‍ ‘ഇന്‍സ്റ്റാ ഓട്ടോ ലോണ്‍’ എന്ന പേരില്‍ മുന്‍കൂട്ടി അനുമതി നല്‍കുന്ന വാഹന വായ്പയും അടുത്തിടെ തങ്ങള്‍ അവതരിപ്പിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഏഴു വര്‍ഷം വരെ കാലാവധിയില്‍ 20 ലക്ഷം രൂപ വരെ ഇതനുസരിച്ച് ഉപഭോക്താക്കള്‍ക്കു വായ്പ ലഭിക്കും.

നിലവിലെ വാഹന വായ്പാ ഉപഭോക്താക്കള്‍ക്ക് അവരുടെ സാമ്പത്തിക ആവശ്യങ്ങള്‍ നേരിടാനായി മുന്‍കൂട്ടി അനുമതി നല്‍കിയിട്ടുള്ള തല്‍ക്ഷണ ടോപ് അപ് സൗകര്യവും തങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചെറുകിട പട്ടണങ്ങളില്‍ ഈ രണ്ടു പദ്ധതികള്‍ക്കും വേണ്ടിയുള്ള ആവശ്യം വന്‍ തോതിലാണു വര്‍ധിച്ചു വരുന്നത്. കൊച്ചി, കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം എന്നീ നഗരങ്ങള്‍ക്കൊപ്പം ആലപ്പുഴ, കണ്ണൂര്‍, കൊല്ലം, കോട്ടയം, മലപ്പുറം തുടങ്ങിയ പട്ടണങ്ങളിലെ സാധ്യതകളും പ്രയോജനപ്പെടുത്തുന്നതിലാണു തങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഭവന വായ്പാ മേഖലയില്‍ പ്രധാന്‍ മന്ത്രി ആവാസ് യോജന (പി.എം.എ.വൈ.) വഴി താങ്ങാനാവുന്ന ഭവനങ്ങളുടെ മേഖലയില്‍ വളര്‍ച്ച ശക്തമാക്കുന്നതിലായിരിക്കും തങ്ങളുടെ പ്രധാന ശ്രദ്ധ. പാലക്കാട്, കണ്ണൂര്‍, ആലപ്പുഴ, മലപ്പുറം എന്നിവയടക്കമുള്ള ചെറിയ പട്ടണങ്ങളിലേക്കു ബാങ്കിന്റെ പ്രവര്‍ത്തനം വിപുലമാക്കും.

കേരളത്തിലെ മോര്‍ട്ട്‌ഗേജ് വായ്പാ വിതരണം 2020 സാമ്പത്തിക വര്‍ഷത്തില്‍ 20 ശതമാനത്തോളം വര്‍ധിച്ച് 900 കോടി രൂപയിലെത്തിക്കാനാണു തങ്ങള്‍ പദ്ധതിയിടുന്നതെന്ന് ബാഗ്ചി കൂട്ടിച്ചേര്‍ത്തു.

 

TAGS: ICICI BANK |