ഐ സി ഐ സി ഐ ബാങ്ക് ഫിന്‍ക്രെഡിറ്റ് ഇന്ത്യയുമായി ധാരണാപത്രം ഒപ്പുവെച്ചു

Posted on: January 5, 2019

കൊച്ചി : ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍ക്ക് വായ്പ ലഭ്യമാക്കുന്നതിനായി ഐ സി ഐ സി ഐ ബാങ്കും ബാങ്കിതര ധനകാര്യ സ്ഥാപനമായ സ്‌മോള്‍ ബിസിനസ് ഫിന്‍ക്രെഡിറ്റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുമായി ധാരാണാപത്രം ഒപ്പുവെച്ചു. പ്രധാനപ്പെട്ട മേഖലകളില്‍ വായ്പ ലഭ്യമാക്കുന്നതിനായി എന്‍ബിഎഫ്‌സികളുമായി സഹകരിക്കുന്നതിന് ആര്‍ ബി ഐ അനുമതി നല്കിയതനുസരിച്ചാണ് പുതിയ ധാരണാപത്രം.

15 വര്‍ഷത്തെ കാലയളവില്‍ ഒരു കോടി രൂപ വരെ വായ്പ ലഭ്യമാക്കാന്‍ സഹായിക്കുന്നതാണ് ഈ കരാര്‍. ഒരു ബാങ്ക് എന്‍ബിഎഫ്‌സിയുമായി ചേര്‍ന്ന് ഇതാദ്യമായാണ് ഇത്തരത്തിലൊരു വായ്പ ലഭ്യമാക്കുന്നത്. ചെറുകിട ഇടത്തരം സംരംഭകര്‍ക്ക് ഇത് ഏറെ ഗുണകരമാകും.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി രാജ്യത്തെ അടിസ്ഥാന സൗകര്യ മേഖലയില്‍ ഐസിഐസിഐ ബാങ്ക് ചെയ്യുന്ന സേവനങ്ങള്‍ വളരെ വലുതാണെന്നും, സ്‌മോള്‍ ബിസിനസ് ഫിന്‍ക്രെഡിറ്റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും ഐ സി ഐ സി ഐ ബാങ്ക് സെക്വേര്‍ഡ് അസറ്റ്‌സ് മേധാവി രവി നാരായണന്‍ പറഞ്ഞു.

ഐസിഐസിഐയുമായുള്ള സഹകരണം ഏറെ അഭിമാനകരമാണെന്നും ചെറിയ സ്ഥലങ്ങളില്‍ പോലും സേവനമെത്തിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും സ്‌മോള്‍ ബിസിനസ് ഫിന്‍ക്രെഡിറ്റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എംഡിയും സി ഇ ഒയുമായ അസീം ധ്രു പറഞ്ഞു.