എസ് ബി ഐ വായ്പാ പലിശ കൂട്ടി

Posted on: December 11, 2018

കൊച്ചി : രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ് ബി ഐ വിവിധ വായ്പാ പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചു. ആര്‍ ബി ഐയുടെ മൂന്ന് ദിവസത്തെ പണനയ അവലോകന യോഗത്തില്‍ അടിസ്ഥാന നിരക്കുകള്‍ വര്‍ധിപ്പിക്കേണ്ടതില്ലെന്ന തീരുമാനം വന്നതിനു ശേഷമാണ് നിരക്കു വര്‍ധനയെന്നത് ശ്രദ്ധേയമാണ്. മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്‍ഡിംഗ് റേറ്റ് (എം സി എല്‍ ആര്‍) അടിസ്ഥാന നിരക്കില്‍ അഞ്ച് പോയിന്റാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഭവന, വാഹന, വ്യക്തിഗത വായ്പകള്‍ ഉള്‍പ്പടെ എല്ലാ വായ്പകളുടെയും പലിശ ഉയരും. പുതിയ നിരക്ക് തിങ്കളാഴ്ച നിലവില്‍ വന്നു.

ഒരു ദിവസം മുതല്‍ ഒരു മാസം വരെ കാലാവധിയുള്ള വായ്പകളുടെ പലിശ നിരക്ക് നിലവിലെ 8.15 ശതമാനത്തില്‍ നിന്ന് 8.20 ശതമാനമായാണ് ഉയര്‍ന്നിരിക്കുന്നത്. മൂന്ന് മാസം വരെ കാലാവധിയുള്ള വായ്പകളുടെ പലിശ 8.25 ശതമാനമായി. ആറ് മാസം വരെ കാലാവധിയുള്ള വായ്പകളുടെ നിരക്ക് 8.35 ശതമാനത്തില്‍ നിന്ന് 8.40 ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്.

ഒരു വര്‍ഷം കാലാവധിയുള്ള വായ്പാ പലിശ നിരക്ക് 8.50 ശതമാനത്തില്‍ നിന്ന് 8.55 ശതമാനമായി ഉയര്‍ത്തിയപ്പോള്‍ രണ്ട് വര്‍ഷം വരെ കാലാവധിയുള്ള വായ്പകളുടെ പലിശ 8.60 ശതമാനത്തില്‍ നിന്ന് 8.65 ശതമാനമായി. മൂന്ന് വര്‍ഷം വരെയുള്ള വായ്പകളുടെ പലിശ നിരക്ക് 8.70 ശതമാനത്തില്‍ നിന്ന് 8.75 ശതമാനമായും വര്‍ധിപ്പിച്ചിട്ടുണ്ട്.

TAGS: SBI |