ഐസിഐസിഐ ആപ്പത്തോൺ ചലഞ്ച്

Posted on: February 18, 2016

ICICI-Bank-Appathon-Big-aകൊച്ചി : ഐസിഐസിഐ ബാങ്ക് അടുത്ത തലമുറ ബാങ്കിംഗ് മൊബൈൽ ആപ്ലിക്കേഷൻ സൃഷ്ടിക്കുന്നതിന് ആപ്പത്തോൺ ചലഞ്ച് പ്രഖ്യാപിച്ചു. ഐസിഐസിഐ ആപ്പത്തോൺ പദ്ധതിയിൽ മൊബൈൽ ആപ് ഡെവലപ്പേഴ്‌സ്, ടെക് കമ്പനീസ്, സ്റ്റാർട്ടപ്പ് കമ്പനികൾ, ടെക്‌നോപ്രണേർമാർ, വിദ്യാർത്ഥികൾ തുടങ്ങി ആർക്കും പങ്കെടുക്കാം. മത്സരത്തിൽ മുന്നിലെത്തുന്ന മൂന്നു പേർക്ക് 20 ലക്ഷം രൂപയ്ക്കു മുകളിൽ സമ്മാനം പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു ബാങ്ക് മുൻകൈയെടുത്തു നടത്തുന്ന രാജ്യത്തെ ഏറ്റവും വലിയ മൊബൈൽ ആപ് വികസന മത്സരമാണിത്.

മൊബൈൽ ആപ് വികസിപ്പിക്കുന്നതിനായി ബാങ്കിംഗ്, ഫിനാൻഷ്യൽ സർവീസസ്, ഇൻഷുറൻസ് ( ബിഎഫ്എസ്‌ഐ)മേഖലയിൽനിന്നുള്ള അമ്പതിലധികം ആപ്ലിക്കേഷൻ പ്രോഗ്രാം ഇന്റർഫേസ് (എപിഐ) ലഭ്യമാക്കിയിട്ടുണ്ട്. ഐബിഎം ബ്ലൂമിക്‌സ് ക്ലൗഡ് പ്ലാറ്റ്‌ഫോമിലാണ് ഹോസ്റ്റ് ചെയ്തിട്ടുള്ളത്. ഐസിഐസിഐ ബാങ്ക്, അതിന്റെ ഗ്രൂപ്പ് കമ്പനികളായ ഐസിഐസിഐ പ്രൂഡൻഷ്യൽ ലൈഫ് ഇൻഷുറൻസ്, ഐസിഐസിഐ ലൊംബൈർഡ് ജനറൽ ഇൻഷുറൻസ്, ഐസിഐസിഐ സെക്യൂരിറ്റീസ് തുടങ്ങിയ കമ്പനികളിൽ നിന്നുള്ള എപിഐ ആണ് ലഭ്യമാക്കിയിട്ടുള്ളത്. വിസയിൽനിന്നുള്ള പേമെന്റ് എപിഐ, എൻപിസിഐയിൽനിന്നുള്ള യുണീഫൈഡ് പേമെന്റ് ഇന്റർഫേസ് എപിഐ എന്നിവയും ലഭ്യമാക്കിയിട്ടുണ്ട്. ഐസിഐസിഐ ആപ്പത്തോണിൽ വിസയും എൻപിസിഐയും പങ്കു ചേരുന്നുണ്ട്.

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്കു മാർച്ച് ഒന്നുവരെ പേരു രജിസ്റ്റർ ചെയ്യാം. തെരഞ്ഞെടുക്കപ്പെടുന്നവരുടെ പട്ടിക മാർച്ച് നാലിന് പ്രസിദ്ധീകരിക്കും. അവർക്ക് മാർച്ച് അഞ്ചു മുതൽ എപിഐ ഹോസ്റ്റ് ചെയ്തിട്ടുള്ള ഐബിഎം ബ്ലൂമിക്‌സ് പ്ലാറ്റ്‌ഫോം ലഭ്യമാക്കും.

തെരഞ്ഞെടുക്കപ്പെടുന്നവർ മാർച്ച് 27-ന് മുമ്പ് കുറഞ്ഞത് ഒരു വിർച്വൽ ബാങ്കിംഗ്, ധനകാര്യസേവനം ആപ്പിന്റെ വർക്കിംഗ് പ്രോട്ടോടൈപ് ലഭ്യമാക്കണം. ഇതിൽ നിന്നു ഫൈനലിൽ എത്തിയവരെ തെരഞ്ഞെടുക്കാം. ഇവർക്കു ഐസിഐസിഐ ബാങ്കിന്റെ മുംബൈയിലെ ആസ്ഥാനത്ത് ഏപ്രിൽ മധ്യത്തിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ ഇത് അവതരിപ്പിക്കുവാൻ അവസരം ലഭിക്കും.

ഫൈനലിൽ മുന്നിലെത്തുന്ന മൂന്നു പേർക്കു 20 ലക്ഷം രൂപയുടെ സമ്മാനം ലഭിക്കും. മാത്രവുമല്ല, ഐസിഐസിഐയുമായി ഭാവിയിൽ ഒരുമിച്ചു പ്രവർത്തിക്കാൻ അവസരവും ലഭിക്കും. ഈ പദ്ധതിയിൽ പങ്കാളികളായവരുടെ മെന്റർഷിപ്പും ലഭിക്കും. നാസ്‌കോമിന്റെ പതിനായിരം സ്റ്റാർട്ടപ്പ് പദ്ധതിയിൽ ഐസിഐസിഐ ആപ്പത്തോൺ വിജയികൾക്കും എളുപ്പത്തിൽ പ്രവേശനം ലഭിക്കുകയും ചെയ്യും. വിജയടീമിലെ രണ്ടുപേർക്ക് നെറ്റ് വർക്കിംഗ് ആൻഡ് കോവർക്കിംഗ് കമ്യൂണിറ്റിയിൽ പ്രവേശനവും ലഭിക്കും.