യുവസംരംഭകർക്ക് എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ക്രെഡിറ്റ്കാർഡും ഡിജിറ്റൽ അക്കൗണ്ടും

Posted on: August 7, 2015

StartupVillage-with-HDFC-Ba

കൊച്ചി : സ്റ്റാർട്ടപ് വില്ലേജിലെ യുവസംരംഭകർക്കായി എച്ച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ്കാർഡ്, ഡിജിറ്റൽ അക്കൗണ്ട് സംവിധാനങ്ങൾ തുടങ്ങി. കൊച്ചിയിലെ സ്റ്റാർട്ടപ് വില്ലേജിൽ നടന്ന ചടങ്ങിൽ എച്ച്ഡിഎഫ്‌സിയുടെ ബ്രാഞ്ച് ബാങ്കിംഗ് മേധാവി നവീൻ പുരി, ഡിജിറ്റൽ ബാങ്കിംഗ് മേധാവി നിതിൻ ഛുഗ്, സ്റ്റാർട്ടപ് വില്ലേജ് ചെയർമാൻ സഞ്ജയ് വിജയകുമാർ, സിഇഒ പ്രണവ്കുമാർ സുരേഷ് എന്നിവർ ചേർന്ന് പദ്ധതി ഉദ്ഘാടനം ചെയ്തു.

സ്റ്റാർട്ടപ് വില്ലേജിന്റെ ലോഗോയുള്ള പ്രത്യേകം തയ്യാറാക്കിയ ബിസിനസ് കാർഡാണ് എച്ച്ഡിഎഫ്‌സി യുവസംരംഭകർക്ക് നൽകുന്നത്. ഡിജിറ്റൽ അക്കൗണ്ട് സംവിധാനം നടപ്പാക്കുന്നതോടെ ബാങ്കിൽ പോകാതെ തന്നെ അക്കൗണ്ട് തുടങ്ങാനും സൗകര്യമൊരുങ്ങുമെന്ന് നവീൻ പുരി പറഞ്ഞു.

ഉപഭോക്താക്കളുടെ സൗകര്യത്തിനാണ് എച്ചഡിഎഫ്‌സി ബാങ്ക് പ്രാധാന്യം നൽകുന്നതെന്നും സ്റ്റാർട്ടപ് വില്ലേജ് പോലെയുള്ള യുവപങ്കാളികൾക്ക് ബാങ്ക് കൂടുതൽ പ്രാധാന്യം നൽകുന്നുണ്ടെന്നും നിതിൻ ഛുഗ് പറഞ്ഞു.

സിലിക്കൺ വാലിയിലെ സംരംഭങ്ങൾക്ക് പുതു-തലമുറ ബാങ്കിംഗ് സേവനങ്ങൾ നൽകുന്ന സിലിക്കൺവാലി ബാങ്ക് പോലെയുള്ള സംരംഭങ്ങളാണ് ഇന്ത്യയ്ക്ക് ആവശ്യമെന്ന് സഞ്ജയ് വിജയകുമാർ പറഞ്ഞു.