ഡൽഹിയിലേക്ക് ഇത്തിഹാദിന് മൂന്നാമത്തെ പ്രതിദിന സർവീസ്

Posted on: February 26, 2015

Etihad-B777-300ER-big

കൊച്ചി : അബുദാബി – ന്യൂഡൽഹി റൂട്ടിൽ ഇത്തിഹാദ് എയർവേസ് മെയ് ഒന്നു മുതൽ മൂന്നാമത്തെ പ്രതിദിന സർവീസ് ആരംഭിക്കും. നിലവിൽ മുംബൈയിലേക്ക് മാത്രമാണ് ഇത്തിഹാദിന് പ്രതിദിനം മൂന്നു സർവീസുകളുള്ളത്. 2014 ൽ അബുദാബിയിൽ നിന്ന് ഇന്ത്യയിലെ വിവിധ ഡെസ്റ്റിനേഷനുകളിലേക്കും തിരിച്ചുമായി 10 ലക്ഷം യാത്രക്കാരെയാണ് ഇത്തിഹാദ് കൈകാര്യം ചെയ്തതെന്ന് ഇത്തിഹാദ് എയർവേസ് പ്രസിഡന്റും സിഇഒയുമായ ജയിംസ് ഹോഗൻ പറഞ്ഞു.

ഇത്തിഹാദ് എയർവേസ് ഫെബ്രുവരി 15 മുതൽ അബുദാബി – കോൽക്കത്ത പ്രതിദിന സർവീസ് ആരംഭിച്ചു. ജെറ്റ് എയർവേസ് അടുത്തയിടെ ഗോവയിൽ നിന്നും ലക് നോയിൽ നിന്നും അബുദാബിയിലേക്ക് പ്രതിദിന സർവീസുകൾ തുടങ്ങി. മാർച്ച് 29 മുതൽ അഹമ്മദാബാദ്, പൂനെ, മംഗലുരു, എന്നിവിടങ്ങളിൽ നിന്ന് അബുദാബി സർവീസ് ആരംഭിക്കും.

ഇത്തിഹാദിനും ജെറ്റ് എയർവേസിനും കൂടി മെയ് മാസത്തോടെ ഇന്ത്യയിലെ 15 കേന്ദ്രങ്ങളിലേക്ക് പ്രതിവാരം 224 ഫ്‌ലൈറ്റുകളുണ്ടാകും. കൊച്ചിയിലേക്കുള്ള മൂന്നും കോഴിക്കോട്ടേക്കുള്ള രണ്ടും പ്രതിദിന ഫ്‌ലൈറ്റുകൾ ഇവയിൽ ഉൾപ്പെടുന്നു. തിരുവനന്തപുരത്തേക്ക് പ്രതിദിനം ഒരു സർവീസ് മാത്രമാണുള്ളത്.

നിലവിൽ 160 പൈലറ്റുമാരും 750 കാബിൻ ക്രൂവും ഉൾപ്പടെ 2,860 ഇന്ത്യക്കാർക്കാണ് ഇത്തിഹാദ് നേരിട്ട് തൊഴിൽ നൽകിയിട്ടുള്ളത്. പരോക്ഷമായ തൊഴിലവസരങ്ങൾ കൂടി കണക്കിലെടുത്താൽ വ്യോമയാനം, ടൂറിസം, വാണിജ്യം തുടങ്ങിയ മേഖലകൾക്കു പുറമെ ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് ഇത്തിഹാദ് മികച്ച പിന്തുണയാണ് നൽകിവരുന്നതെന്ന് ജയിംസ് ഹോഗൻ ചൂണ്ടിക്കാട്ടി.