യാത്ര വിലക്കിയവിമാനക്കമ്പനിക്കു പിഴ

Posted on: June 19, 2021

കൊച്ചി : സ്വിറ്റ്‌സര്‍ലണ്ടിലേക്കുള്ള യാത്ര നിഷേധിച്ചതിന് എത്തിഹാദ് എയര്‍വെയ്‌സിന് പിഴശിക്ഷ. സ്വിറ്റ്‌സര്‍ലണ്ടില്‍ ജോലിചെയ്യന്ന ഭാര്യയെ കാണാന്‍ ടിക്കറ്റെടുത്ത ഭര്‍ത്താവിനും കുട്ടിക്കും യാത്രനിഷേധിച്ച സംഭവത്തിലാണ് എയര്‍വെയ്‌സ് 50000 രൂപ നഷ്ടപരിഹാരവും 10000 രൂപ കോടതിച്ചെലവും നല്‍കാന്‍ എറണാകുളം സ്ഥിരം ലോക് അദാലത്ത് ഉത്തരവിട്ടത്.

മൂവാറ്റുപുഴ കടാതി പൂണേലില്‍ ജോഷി സമര്‍പ്പിച്ച ഹര്‍ജിയിലാണ് വേണു കരുണാകരന്‍ ചെയര്‍മാനും സി. രാധാകൃഷ്ണന്‍, പി.ജി. ഗോപി എന്നിവര്‍ മെമ്പര്‍മാരുമായുള്ള ഫോറത്തിന്റെ വിധി. വേനലവധിക്കാലത്ത് കൗണ്ടറിലെത്തി ബാഗുകള്‍ നിക്ഷേപിച്ചശേഷം യാത നിഷേധിച്ചതു സംബന്ധിച്ചായിരുന്നു ഹര്‍ജി. ഒരു സീറ്റുമാത്രമേ ഒഴിവുള്ളൂ എന്ന കാരണം പറഞ്ഞാണ് ഇരുവര്‍ക്കും യാത്ര നിഷേധിച്ചത്.

അധിക ബുക്കിംഗ് മൂലമാണ് സീറ്റുകള്‍ ലഭിക്കാതിരുന്നതെന്ന് ആദ്യം മറുപടി നല്‍കിയ കമ്പനി കേസ് വന്നപ്പോള്‍ ഹര്‍ജിക്കാര്‍ വൈകിയാണ് കൗണ്ടറില്‍ എത്തിയതെന്ന പുതിയ വാദം ഉന്നയിച്ചു.എന്നാല്‍, ടെലിഫോണ്‍, ടവര്‍ ലൊക്കേഷന്‍ എന്നിവ പരിശോധിച്ചപ്പോള്‍ ഹര്‍ജിക്കാര്‍ കൃത്യസമയത്തു തന്നെ കൗണ്ടറില്‍ എത്തി റിപ്പോര്‍ട്ട് ചെയ്തിരുന്നുവെന്ന് തെളിയുകയായിരുന്നു. ഹര്‍ജിക്കാരനു വേണ്ടി അഡ്വ. ടോം ജോസ് ഹാജരായി.

TAGS: Ethihad Airways |