എമിറേറ്റ്‌സും ഇത്തിഹാദും ഖത്തറിലേക്കുള്ള സർവീസുകൾ നിർത്തലാക്കും

Posted on: June 5, 2017

ദുബായ് : ഖത്തറുമായുള്ള നയതന്ത്രബന്ധങ്ങൾ യുഎഇ വിച്ഛേദിച്ച സാഹചര്യത്തിൽ എമിറേറ്റ്‌സും ഇത്തിഹാദ് എയർവേസും ഖത്തറിലേക്കുള്ള വിമാനസർവീസുകൾ നിർത്തലാക്കുന്നു. അബുദാബിയിൽ നിന്ന് ദോഹയിലേക്കുള്ള ഫ്‌ളൈറ്റുകൾ നാളെ വൈകുന്നേരത്തോടെ അവസാനിപ്പിക്കുമെന്ന് ഇത്തിഹാദ് എയർവേസ് അറിയിച്ചു. വിലക്ക് ഏർപ്പെടുത്തിയ നാല് രാജ്യങ്ങളിലേക്ക് ഇനി മുതൽ ഖത്തർ എയർവേസിനും പറക്കാനാകില്ല.

തീവ്രവാദികൾക്കുള്ള പിന്തുണയുടെ പേരിൽ ഖത്തറുമായുള്ള വ്യോമ-നാവിക ബന്ധങ്ങളും അവസാനിപ്പിക്കുകയാണെന്ന് യുഎഇ, സൗദി അറേബ്യ, ബഹ്‌റൈൻ, ഈജിപ്ത് എന്നീ നാല് രാജ്യങ്ങൾ പ്രഖ്യാപിച്ചിരുന്നു. കുവൈറ്റ്, ഒമാൻ, ജോർദാൻ തുടങ്ങിയ രാജ്യങ്ങൾ സംഭവവികാസങ്ങളോട് പ്രതികരിച്ചിട്ടില്ല.