ഇത്തിഹാദ് ഗസ്റ്റ് എസ് ബി ഐ ക്രെഡിറ്റ് കാര്‍ഡ്

Posted on: January 28, 2019

ന്യൂഡല്‍ഹി : ഇത്തിഹാദ് എസ്ബിഐയുമായി സഹകരിച്ച് യാത്ര ആവശ്യങ്ങള്‍ക്കായുള്ള വിസാ ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി. കാര്‍ഡിന് ഇത്തിഹാദ് ഗസ്റ്റ് എസ്ബിഐ കാര്‍ഡ്, ഇത്തിഹാദ് ഗസ്റ്റ് എസ്ബിഐ പ്രീമിയര്‍ കാര്‍ഡ് എന്നിങ്ങനെ രണ്ട് വകഭേദങ്ങളുണ്ട്.

അന്താരാഷ്ട്ര വിമാന യാത്രകള്‍ നടത്തുന്ന ഇന്ത്യാക്കാരുടെ എണ്ണം വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ഉപഭോക്താക്കള്‍ക്കായി ഇത്തരമൊരു സൗകര്യം ഇത്തിഹാദ് ഒരുക്കിയത്. വിമാനയാത്രക്കാരുടെ എണ്ണത്തില്‍ അഞ്ച് വര്‍ഷത്തിനിടെ 12.7 ശതമാനം വാര്‍ഷിക വര്‍ധന ഇന്ത്യയില്‍ ഉണ്ടായിട്ടുണ്ടെന്നാണ് ഐയാട്ടയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. എസ്ബിഐ കാര്‍ഡ് ഉപഭോക്താക്കള്‍ കാര്‍ഡ് വഴി നടത്തുന്ന ഇടപാടുകളില്‍ 33 ശതമാനം യാത്രകള്‍ക്കു വേണ്ടിയാണ്.

ഇത്തിഹാദ് ഗസ്റ്റ് എസ്ബിഐ കാര്‍ഡ് സ്വന്തമാക്കുമ്പോള്‍ തന്നെ സമ്മാനമായി 2500 മുതല്‍ 5000 വരെ ഇത്തിഹാദ് ഗസ്റ്റ് മൈല്‍സ് എന്നു പേരിട്ടിരിക്കുന്ന ലോയല്‍റ്റി പോയിന്റുകള്‍ ലഭിക്കും. വിദേശയാത്ര ഇടപാടുകകളില്‍ ഓരോ 100 രൂപയ്ക്കും ആറ് ഇത്തിഹാദ് ഗസ്റ്റ് മൈല്‍സ് വരെ സ്വന്തമാക്കാം. ലോകമൊട്ടാകെ 100 ലേറെ സ്ഥലങ്ങളിലേയ്ക്ക് വിമാനയാത്ര നല്‍കുന്ന ഇത്തിഹാദ് എയര്‍വെയ്‌സുമായി സഹകരിച്ചിട്ടുള്ള എയര്‍ലൈനുകളിലും ഹോട്ടലുകളിലും കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് പ്രത്യേക പരിഗണനയും ആനുകൂല്യങ്ങളും ലഭിക്കും.

ഇത്തിഹാദ് ഗസ്റ്റ് എസ്ബിഐ കാര്‍ഡ് ഉടമകള്‍ക്ക് ഇത്തിഹാദ് എയര്‍വെയ്‌സില്‍ നേരിട്ട് യാത്ര ബുക്ക് ചെയ്യുമ്പോള്‍ നിരക്കില്‍ മൂന്നു മുതല്‍ 10 ശതമാനം വരെ ഇളവു ലഭിക്കും. ഇത്തിഹാദ് ഗസ്റ്റ് മൈല്‍സ് നിശ്ചിത എണ്ണം എത്തുമ്പോള്‍ ഇത്തിഹാദ് സില്‍വര്‍ സ്റ്റാറ്റസും ഗോള്‍ഡ് സ്റ്റാറ്റസും നേടാം. ഗോള്‍ഡ് സ്റ്റാറ്റസ് ഉള്ളവര്‍ക്ക് 15 കിലോഗ്രാം വരെ അധിക ബാഗേജ് കൊണ്ടുപോകാന്‍ കഴിയും. കൂടാതെ ബോര്‍ഡിംഗ് സമയത്ത് മുന്‍ഗണന ലഭിക്കും.

ഗസ്റ്റ് മൈല്‍സ് ഉപയോഗിച്ച് ഇത്തിഹാദ് ഗസ്റ്റ് റിവാര്‍ഡ് ഷോപ്പില്‍ നിന്ന് ആകര്‍ഷകമായ വിലയ്ക്ക് ഉത്പന്നങ്ങള്‍ കാര്‍ഡുടമയ്ക്ക് വാങ്ങാനാകും. ഇത്തിഹാദ് എയര്‍വെയ്‌സിന്റെ പ്രധാന വിപണികളിലൊന്നായ ഇന്ത്യയില്‍ എസ്ബിഐയുമായി ചേര്‍ന്ന് വിസ ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കാനായതില്‍ സന്തോഷമുണ്ടെന്ന് ഇത്തിഹാദ് എയര്‍വെയ്‌സ് വൈസ് പ്രസിഡന്റ് (കൊമേഴ്‌സ്യല്‍ പാര്‍ട്ണര്‍ഷിപ്പ്‌സ്) യാസര്‍ അല്‍ യൂസഫ് പറഞ്ഞു.

TAGS: Ethihad Airways | SBI |