ഇന്ത്യന്‍ സൈനികരെ ആദരിക്കുന്നതിനായി എയര്‍ഏഷ്യ റെഡ്പാസിലൂടെ 50,000 സൗജന്യ സീറ്റുകള്‍ നല്കും

Posted on: August 15, 2020

കൊച്ചി: ഇന്ത്യയുടെ 74-ാം സ്വാതന്ത്ര്യദിനത്തില്‍ എയര്‍ഏഷ്യ രാജ്യത്തിന്റെ കരുത്തുറ്റ നെടുംതൂണുകളായ സൈനികരെ റെഡ്പാസിലൂടെ ആദരിക്കുന്നു. രാജ്യം കെട്ടിപ്പടുക്കുന്നതിനായുള്ള പ്രതിബദ്ധതയുടെ ഭാഗമായി എയര്‍ഏഷ്യ സൈനികര്‍ക്കായി ആഭ്യന്തര ശൃംഖലയില്‍ 50,000 സീറ്റുകള്‍ സൗജന്യമായി നല്കും. സൗജന്യ വിമാനയാത്രയ്ക്കു പുറമെ സൈനികര്‍ക്ക് ബോര്‍ഡിംഗിലും ബാഗേജിലും മുന്‍ഗണനയും നല്കും.

ഇന്ത്യന്‍ സായുധസേനയിലെ ആര്‍മി, നേവി, എയര്‍ ഫോഴ്‌സ്, കോസ്റ്റ് ഗാര്‍ഡ്, പാരാമിലിറ്ററി സേന എന്നീ വിഭാഗങ്ങളിലെ സൈനികര്‍ക്കും പരിശീലനം നേടുന്ന കേഡറ്റുകള്‍ക്കുമാണ് റെഡ്പാസ് നല്കുന്നത്. ആശ്രിതര്‍ക്കും വിരമിച്ച ഇന്ത്യന്‍ സായുധസേനാംഗങ്ങള്‍ക്കും അവരുടെ ത്യാഗത്തിനുള്ള അംഗീകാരമായി എയര്‍ഏഷ്യ റെഡ്പാസ് നല്കും.

സായുധസേനാംഗങ്ങള്‍ക്ക് വിമാനത്തില്‍ യാത്ര ബുക്ക് ചെയ്യുന്നതിനായി https://air.asia/GCs2R എന്ന ലിങ്കിലേക്ക് ഓഗസ്റ്റ് 15 മുതല്‍ 21 വരെ വിശദാംശങ്ങള്‍ അയയ്ക്കാം. എയര്‍ഏഷ്യഡോട്ട്‌കോം എന്ന എയര്‍ഏഷ്യയുടെ വെബ്‌സൈറ്റിലും ഈ സൗകര്യം ലഭ്യമാണ്. സെപ്റ്റംബര്‍ 25 മുതല്‍ ഡിസംബര്‍ 31 വരെയാണ് യാത്രയുടെ സമയം. അപേക്ഷ പരിശോധിച്ചശേഷം അപേക്ഷര്‍ക്ക് വിശദാംശങ്ങള്‍ അയച്ചുനല്കും. ഒരു വശത്തേയ്ക്കു മാത്രമുള്ള യാത്രയ്ക്കുമാത്രമായിരിക്കും എയര്‍ഏഷ്യ റെഡ്പാസ് ബാധകമാകുക. യാത്ര ചെയ്യേണ്ടതിന് 21 ദിവസങ്ങള്‍ക്കു മുമ്പ് റിസര്‍വേഷന്‍ നടത്തിയിരിക്കണം.

രാജ്യസുരക്ഷയ്ക്കായി സായുധസേനാംഗങ്ങളുടെ നിസ്വാര്‍ത്ഥമായ സേവനങ്ങളെ വിലമതിക്കുന്നുവെന്നും ഇതിനെ ആദരിക്കുന്നതിനാണ് ഈ ഉദ്യമത്തിന് തുടക്കം കുറിച്ചതെന്നും എയര്‍ഏഷ്യ ഇന്ത്യയുടെ ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ അങ്കുര്‍ ഗാര്‍ഗ് പറഞ്ഞു.

കോവിഡ് മഹാമാരിയോടുള്ള ആദ്യപ്രതികരണമായി ജൂണില്‍ എയര്‍ഏഷ്യ ഇന്ത്യന്‍ ഡോക്ടര്‍മാര്‍ക്ക് രാജ്യമെങ്ങും യാത്ര ചെയ്യുന്നതിനായി സൗജന്യമായി റെഡ്പാസ് നല്കിയിരുന്നു. ഈ ഉദ്യമത്തിന് വളരെ മികച്ച പ്രതികരണമാണ് ലഭിച്ചത്.

TAGS: Air Asia | Red Pass |