സ്‌പൈസ്‌ജെറ്റ് ദുബായ് – കൊച്ചി വിമാനം മസ്‌ക്കറ്റിൽ അടിയന്തരമായി നിലത്തിറക്കി

Posted on: December 7, 2019

ദുബായ് : സാങ്കേതിക തകരാറിനെ തുടർന്ന് ദുബായിൽ നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ട സ്‌പൈസ്‌ജെറ്റ് വിമാനം (എസ് ജി 18) മസ്‌ക്കറ്റിൽ അടിയന്തരമായി നിലത്തിറക്കി. കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ ദുബായിൽ നിന്നു പുറപ്പെട്ട സ്‌പൈസ്‌ജെറ്റ് വിമാനം തീയും പുകയും കണ്ടതിനെ തുടർന്ന് രണ്ട് മണിക്കൂറിന് ശേഷം ഒമാനിലെ മസ്‌ക്കറ്റ് രാജ്യാന്തര വിമാനത്താവളത്തിൽ എമർജൻസി ലാൻഡിംഗ് നടത്തുകയായിരുന്നു. 150 ലേറെ യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു.

വൻദുരന്തത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് മസ്‌ക്കറ്റിൽ കുടുങ്ങിയ യാത്രക്കാർക്ക് വിമാനക്കമ്പനി ഭക്ഷണമോ താമസമോ ഏർപ്പാടാക്കിയില്ലെന്ന് യാത്രക്കാർ പരാതിപ്പെട്ടു. തുടർന്ന് 12 മണിക്കൂറിന് ശേഷമാണ് മസ്‌ക്കറ്റിൽ നിന്നും മറ്റൊരു വിമാനത്തിൽ കൊച്ചിയിലേക്ക് അയച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് സ്‌പൈസ്‌ജെറ്റ് വക്താവ് അറിയിച്ചു.