ഫ്‌ളൈദുബായ് മോസ്‌കോയിലേക്ക് രണ്ടാമത്തെ സർവീസ് തുടങ്ങുന്നു

Posted on: October 26, 2017

കൊച്ചി : ഫ്‌ളൈദുബായ് ദുബായിൽ നിന്ന് മോസ്‌കോയിലേക്ക് രണ്ടാമത്തെ സർവീസ് തുടങ്ങുന്നു. മോസ്‌കോ ഷെറമറ്റിവോ രാജ്യാന്തര വിമാനത്താവളത്തിലേക്ക് നവംബർ 29 മുതലാണ് പുതിയ സർവീസ് ആരംഭിക്കുന്നത്. മോസ്‌കോയിലെ വിനുകോവോവിലേക്ക് നിലവിൽ ഫ്‌ളൈദുബായ് സർവീസുണ്ട്.

യുഎയിൽ നിന്ന് ഷെറമറ്റിവോ വിമാനത്താവളത്തിലേക്ക് സർവീസാരംഭിക്കുന്ന പ്രഥമ എയർലൈനാണ് ഫ്‌ളൈദുബായ് എന്ന് ഫ്‌ളൈദുബായ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഗെയ്ത് അൽ ഗെയ്ത് പറഞ്ഞു.

ഇതോടെ ഫ്‌ളൈദുബായിയുടെ മോസ്‌കോയിലേക്കുള്ള സർവീസുകളുടെ എണ്ണം 11 ആയി. ഇതിനുപുറമെ മക്കച്ച്കാല, യുഫ, വോരോനേഴ് എന്നിവിടങ്ങളിലേക്ക് ഈ മാസം സർവീസ് തുടങ്ങും. കസാൻ, ക്രാസ്‌നോഡാൻ, മിനറലൈവോഡി, മോസ്‌കോയിലെ വിനുക്കോവോ, നോസ്റ്റോവ് – ഓൺ – ഡോൺ, സമാറാ, യെകാറ്ററിൻ ബർഗ് എന്നിവിടങ്ങളിലേക്ക് നേരത്തെ തന്നെ സർവീസ് നടത്തുന്നുണ്ട്. റഷ്യയിലേക്ക് പ്രതിവാരം 47 ഫ്‌ളൈറ്റുകളാണുള്ളത്.

നടപ്പ് വർഷം ആദ്യ 6 മാസക്കാലത്ത് റഷ്യയിലേക്കുള്ള ഫ്‌ളൈദുബായ് യാത്രക്കാരുടെ എണ്ണത്തിൽ 45 ശതമാനം വളർച്ചയുണ്ടായതായി ഫ്‌ളൈദുബായ് വൈസ് പ്രസിഡന്റ് (കമേഴ്‌സ്യൽ) ജെയ്ഹുൻ എഫന്റി പറഞ്ഞു. ഡിസംബർ മധ്യത്തോടെ പ്രതിവാര ഫ്‌ളൈറ്റുകളുടെ എണ്ണം 47 ൽ നിന്ന് 52 ആയി വർധിപ്പിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

റഷ്യയിൽ നിന്നുള്ള യാത്രക്കാർക്ക് 30 ദിവസത്തെ വിസ അനുവദിക്കാനുള്ള യുഎഇ കാബിനറ്റിന്റെ ഈയിടത്തെ തീരുമാനം റഷ്യയിൽ നിന്നുള്ള യാത്രക്കാരുടെ എണ്ണത്തിൽ കാര്യമായ വളർച്ചയുണ്ടാകാൻ കാരണമായിട്ടുണ്ടെന്നും അദേഹം ചൂണ്ടിക്കാട്ടി.