ഇൻഡിഗോ റെഡ്‌ഐ ഫ്‌ളൈറ്റുകൾ ആരംഭിക്കുന്നു

Posted on: September 27, 2015

IndiGo-6E-Plus-Big

ന്യൂഡൽഹി : ഇൻഡിഗോ ആഭ്യന്തര സർവീസുകളുടെ ഭാഗമായി റെഡ്‌ഐ ഫ്‌ളൈറ്റുകൾ ആരംഭിക്കുന്നു. നിരക്കു കുറഞ്ഞ രാത്രികാല വിമാനസർവീസുകളാണ് റെഡ്‌ഐ ഫ്‌ളൈറ്റുകൾ. ഇന്ത്യയിൽ ഈ സമ്പ്രദായം ആദ്യമായി അവതരിപ്പിക്കുന്നത് ഇൻഡിഗോ ആണ്.

ഡൽഹി – മുംബൈ, ഡൽഹി – ചെന്നൈ, ഡൽഹി – ബംഗലുരു സെക്ടറുകളിൽ ഒക്‌ടോബർ 15 മുതൽ ഇൻഡിഗോ റെഡ്‌ഐ ഫ്‌ളൈറ്റുകൾ സർവീസ് ആരംഭിക്കും. മുംബൈയിലേക്കുള്ള ഫ്‌ളൈറ്റ് പുലർച്ചെ രണ്ട് മണിക്ക് ഡൽഹിയിൽ നിന്ന് പുറപ്പെട്ട് പുലർച്ചെ 4.10ന് മുംബൈയിലെത്തും. 3055 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. ഇതോടെ ഡൽഹി-മുംബൈ സെക്ടറിൽ പ്രതിദിനമുള്ള ഇൻഡിഗോ സർവീസുകളുടെ എണ്ണം 18 ആകും.

ചെന്നൈയിൽ നിന്ന് രാത്രി 10.35 ന് പുറപ്പെടുന്ന ഇൻഡിഗോ ഫ്‌ളൈറ്റ് 1.15 ന് ഡൽഹിയിലെത്തും. ബംഗലുരുവിൽ നിന്ന് രാത്രി 10.15 ന് പുറപ്പെട്ട് 12.55 ന് ഡൽഹിയിലെത്തും വിധമാണ് സർവീസ് ക്രമീകരിച്ചിട്ടുള്ളത്.