അശോക് ലേയ്‌ലന്‍ഡ് ബിഎസ്6 മോഡുലാര്‍ ട്രക്ക് ശ്രേണി എവിടിആര്‍ നിരത്തിലെത്തിച്ചു

Posted on: June 5, 2020

കൊച്ചി : ഹിന്ദുജ ഗ്രൂപ്പിന്റെ പതാക വാഹ കമ്പനിയും രാജ്യത്തെ ഏറ്റവും വലിയ വാണിജ്യവാഹന നിര്‍മാതാക്കളിലൊന്നുമായ അശോക് ലേയ്‌ലന്‍ഡ് ബിഎസ് 6 മോഡല്‍ മോഡുലാര്‍ ട്രക്ക് ശ്രേണി എവിടിആര്‍ ഇന്ത്യന്‍ നിരത്തിലെത്തിച്ചു. ഇന്ത്യന്‍ വാണിജ്യ വാഹന മേഖലയില്‍ ആദ്യമായാണ് മോഡുലാര്‍ പ്ലാറ്റ്‌ഫോമില്‍ ട്രക്കുകള്‍ എത്തുന്നത്.

മള്‍ട്ടിപ്പിള്‍ ആക്‌സില്‍ കോണ്‍ഫിഗുറേഷന്‍, ലോഡിംഗ് സ്പാന്‍, കാബിന്‍, സസ്‌പെന്‍ഷന്‍ തുടങ്ങിയവയോടു കൂടിയ എവിടിആര്‍ വിവിധ ബിസിനസ് ആവശ്യങ്ങള്‍ക്കനുസരിച്ച് മാറ്റം വരുത്തി ഉപയോഗിക്കാന്‍ സാധിക്കും. ട്രക്ക്, ടിപ്പര്‍, ട്രാക്ടര്‍ തുടങ്ങിയ വിവിധ ശ്രേണികള്‍ക്ക് ഈ ഒറ്റ പ്ലാറ്റ്‌ഫോം മതിയാകും. 18.5-55 ടണ്‍ വിഭാഗത്തിലാണ് എവിടിആറിന്റെ സ്ഥാനം.

ഇടപാടുകാരന്റെ ആവശ്യത്തിനനുസരിച്ച് എവിടിആര്‍ പ്ലാറ്റഫോമില്‍ മാറ്റം വരുത്തുവാന്‍ സാധിക്കും. ഇതുവഴി പ്രവര്‍ത്തനച്ചെലവ് കുറച്ചു നിര്‍ത്താന്‍ സാധിക്കും. കമ്പനിയെ സംബന്ധിച്ചിടത്തോളം ഒറ്റ പ്ലാറ്റ്‌ഫോം ഉപയോഗിച്ചുകൊണ്ടു വൈവിധ്യമാര്‍ന്ന ആവശ്യങ്ങളുള്ള ധാരാളം ഉപഭോക്താക്കളുടെ മുമ്പില്‍എത്താന്‍ സാധിക്കുമെന്നതാണ് നേട്ടം. ഡ്രൈവര്‍മാര്‍ക്ക് കൂടുതല്‍ സുരക്ഷയും മെച്ചപ്പെട്ട ഡ്രൈവിംഗ് സുഖവും നല്‍കുന്നതാണ് പുതിയ മോഡുലാര്‍ പ്ലാറ്റ്‌ഫോം. കൂടതല്‍ കാലം ഈടു നില്‍ക്കുന്നതും പുതുതലമുറ ഐ-അലേര്‍ട്ട് ഫ്‌ളീറ്റ് മാനേജ്‌മെന്റ് സംവിധാനം ഉപയോഗിക്കാവുന്നതുമാണ് ഈ പ്ലാറ്റ്‌ഫോം.

വാണിജ്യ വാഹന വിപണിയില്‍ നവീനമായ ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നതില്‍ അശോക് ലേയ്‌ലന്‍ഡ് എപ്പോഴും ഒരു പടി മുന്നിലാണ്. തങ്ങളുടെ ഇടപാടുകാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ആവശ്യമായ ശ്രമം എപ്പോഴും തങ്ങള്‍ നടത്തിപ്പോരുന്നു. ഇത് അവരെ മെച്ചപ്പെട്ട ലഭക്ഷമത കൈവരിക്കുവാന്‍ സഹായിക്കുന്നു. ഉപഭോക്തൃ കേന്ദ്രീകൃതമായി നിര്‍മിച്ചിട്ടുള്ള എവിടിആര്‍ ഉപഭോക്താക്കളെ പുതിയ നിലവാരത്തിലുള്ള ട്രക്കിലേക്ക് എത്തിക്കുകയും നേട്ടം നല്‍കുകയും ചെയ്യുമെന്ന്, അശോക് ലേയ്‌ലന്‍ഡ് ചെയര്‍മാന്‍ ധീരജ് ഹിന്ദുജ പറയുന്നു.