ഹോണ്ട ടൂവീലേഴ്സ് മെയ് 25 മുതല്‍ ഉത്പാദനം പുനരാരംഭിക്കുന്നു

Posted on: May 22, 2020

കൊച്ചി: രാജ്യം ലോക്ക്ഡൗണിന്റെ നാലാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ സാമ്പത്തിക പ്രക്രിയകള്‍ സജീവമാക്കുന്നതിന്റെ ഭാഗമായി നല്‍കിയ ഇളവുകളെ തുടര്‍ന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ രണ്ടു ഘട്ടങ്ങളിലായി നാലു പ്ലാന്റുകളിലെയും ഉത്പാദനം ആരംഭിക്കുന്നു.

വിപണിയുടെ ആവശ്യം കണക്കിലെടുത്താണ് ഹോണ്ട ഉത്പാദനത്തിന് തീരുമാനിച്ചിരിക്കുന്നത്. മെയ് 25ന് കര്‍ണാടകയിലെ നര്‍സപുര പ്ലാന്റില്‍ നിന്നും ജൂണ്‍ ആദ്യ വാരം മറ്റു മൂന്നു പ്ലാന്റുകളില്‍ നിന്നും ഉത്പാദനം ആരംഭിക്കും.

കോവിഡ്-19നെ തുടര്‍ന്നുണ്ടായ ഈ അസാധാരണ സാഹചര്യം മറികടന്ന് ബിസിനസ് സജീവമാക്കുന്നതിന്റെ ഭാഗമായി ഹോണ്ടയുടെ 300ലധികം വരുന്ന വിതരണ പ്ലാന്റുകളില്‍ 100 ശതമാനത്തിനും സര്‍ക്കാരിന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ച് തുറക്കാനായി അനുമതി ലഭിച്ചു.

ഡിമാന്‍ഡിന്റെ ഭാഗത്ത് 60 ശതമാനം ഡീലര്‍മാരും വില്പനയും സര്‍വീസും ആരംഭിച്ചു. അന്വേഷണങ്ങള്‍ ഓരോ ദിവസവും വര്‍ധിച്ചു വരുന്നതിനനുസരിച്ച് സപ്ലൈ ചെയിനും വിപണിയുടെ ആവശ്യവും സംയോജിപ്പിച്ചുള്ളഉത്പാദനമാണ് ലക്ഷ്യമിടുന്നത്. നാലു ഫാക്റ്ററികളില്‍ നിന്നും ഘട്ടംഘട്ടമായി ഉത്പാദനം ആരംഭിക്കും.