ലോകോത്തര നിലവാരത്തിലുളള ഇന്ത്യന്‍ റൈഡര്‍മാരെ വളർത്തിയെടുക്കാൻ ഹോണ്ട

Posted on: June 5, 2019

ചെന്നൈ: ദേശീയ, അന്തര്‍ദ്ദേശീയ ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുക്കാന്‍ കെല്‍പ്പുള്ള ഇന്ത്യന്‍ റൈഡറെ സൃഷ്ടിക്കുകയാണ് അടുത്ത ലക്ഷ്യമെന്ന് ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ  പ്രസിഡന്റും സിഇഒയുമായ മിനോറു കാറ്റോ വ്യക്തമാക്കി.  ഇന്ത്യയില്‍ റേസിംഗില്‍ പുതിയൊരു യുഗത്തിനു വഴിയൊരുക്കുമെന്നും ഹോണ്ടയുടെ 2019 മോട്ടോര്‍സ്‌പോര്‍ട്ട് പ്ലാന്‍ വിശദീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ ടൂ വീലര്‍ റേസിംഗിനെ ലോകോത്തര നിലവാരത്തിലേക്കു ഉയര്‍ത്തുന്നതിനു ശ്രമിക്കുന്ന ഹോണ്ട, ബ്രാന്‍ഡ് ലീഡര്‍ഷിപ്, സ്ട്രക്ചറല്‍ ഡെവലപ്‌മെന്റ് എന്നിവയില്‍ പ്രത്യേക ശ്രദ്ധ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

ഹോണ്ട ഇന്ന് ഇന്ത്യന്‍ മോട്ടോര്‍സ്‌പോര്‍ട്ടിന്റെ മറ്റൊരു പര്യായമായിരിക്കുകയാണ്. 2018-ല്‍ തങ്ങള്‍ ഇന്റര്‍നാഷണല്‍ ഏഷ്യ റോഡ് റേസിംഗ് ചാമ്പ്യന്‍ഷിപ്പിലേക്ക് ഒരു ഇന്ത്യന്‍ ടീമിനെ തനിച്ചു സൃഷ്ടിച്ചെടുത്തു. 2019-ല്‍ ലോകത്തിലെ ഏറ്റവും മികച്ച മോട്ടോര്‍സ്‌പോര്‍ട്ട് ഇന്ത്യയിലേക്ക് കൊണ്ടുവരുകയാണ്. മാത്രവുമല്ല, മോട്ടോ 3 ലോക ചാമ്പ്യന്‍മാര്‍ ഉപയോഗിച്ച അതേ മെഷീന്‍ ആണ് ഇന്ത്യന്‍ റൈഡര്‍മാര്‍ ഇവിടെ ഉപയോഗിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ലോകമൊട്ടാകെ, ചെറുപ്പത്തില്‍ തന്നെ റൈഡര്‍മാരെ കണ്ടെത്തുന്നു. ഇതിനായി 2018-ല്‍ ഹോണ്ട ഇഡിമെത്‌സു ഹോണ്ട ഇന്ത്യ ടാലന്റ് ഹണ്ട് നടത്തി. ഇതില്‍ കണ്ടെത്തിയ റൈഡര്‍മാര്‍ മികച്ച സാധ്യതയാണ് ഉയര്‍ത്തുന്നത്. അടുത്ത ചുവടെന്ന നിലയില്‍ ഹോണ്ട മോട്ടോ 3-ല്‍ ഉപയോഗിച്ച മെഷീന്‍ എന്‍എസ്എഫ്250ആര്‍ ഇന്ത്യയിലേക്ക് കൊണ്ടുവരികയാണ്. ഭാവിയിലെ താരങ്ങളെ വളര്‍ത്തിയെടുക്കാനും അവര്‍ക്ക് രാജ്യാന്തര മത്സരങ്ങളില്‍ പങ്കെടുക്കാനും ഇത് അവസരമൊരുക്കമെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ ബ്രാന്‍ഡ് ആന്‍ഡ് കമ്യൂണിക്കേഷന്‍ വൈസ് പ്രസിഡന്റ് പ്രഭു നാഗരാജ് പറഞ്ഞു. മോട്ടോര്‍ സ്‌പോര്‍ട്ട് സംസ്‌കാരം ഇന്ത്യയില്‍ വളര്‍ത്തിയെടുക്കുന്നതിനു ഹോണ്ട അശ്രാന്തം ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.  ലോകത്തിലെ മികച്ച റേസിംഗ് ചാമ്പ്യന്‍ഷിപ്പുകള്‍ക്കായി ഹോണ്ട റേസിംഗ് കോര്‍പറേഷന്‍ പ്രത്യേകം വികസിപ്പിച്ചെടുത്തതാണ് എന്‍എസ്എഫ്250ആര്‍ മോട്ടോര്‍ സൈക്കിള്‍.

ഇന്ത്യന്‍ നാഷണല്‍ മോട്ടോര്‍സൈക്കിള്‍ റേസിംഗ് ചാമ്പ്യന്‍ഷിപ്പില്‍ പ്രോ സ്റ്റോക് 200-300 സിസി വിഭാഗത്തില്‍ ഇഡിമെത്‌സു ഹോണ്ട ഇന്ത്യ റേസിംഗ് ടീം പങ്കെടുക്കുമെന്ന് ഇഡിമെത്‌സു ലൂബ് ഇന്ത്യ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ യോഷിതാക ഷിരാഗ പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ പ്രോസ്റ്റ് 165 സിസി ചാമ്പ്യന്‍ ശരത് കുമാര്‍, എആര്‍ആര്‍സി 2018 റൈഡര്‍ അനീഷ് ഷെട്ടി, ടാലന്റ് കപ്പ് സിബിആര്‍ 250ആര്‍ ചാമ്പ്യന്‍ അഭിഷേക് വാസുദേവ് തുടങ്ങിയവര്‍ ടീം അംഗങ്ങളാണ്.

ഇന്ത്യയുടെ എട്ടു ഭാവി താരങ്ങള്‍ മോട്ടോ 3-ലെ അതേ ഹോണ്ട മെഷീന്‍ ഉപയോഗിച്ചുകൊണ്ടാണ് പുതിയ സീസസലെ മത്സരങ്ങള്‍ തുടങ്ങുന്നത്. ഇവര്‍ എട്ടുപേരേയും 2018-ലെ ഇഡിമെത്‌സു ഹോണ്ട ഇന്ത്യ ടാലന്റ് ഹണ്ടില്‍ കണ്ടെത്തിയതാണ്.