ആഗോള മോട്ടോര്‍സൈക്കിള്‍ ഉല്‍പാദനത്തില്‍ 400 ദശലക്ഷം യൂണിറ്റ് നാഴികകല്ലുമായി ഹോണ്ട

Posted on: December 20, 2019

കൊച്ചി: 1949ല്‍ ഡ്രീം ഡി-ടൈപ്പ് നിലവില്‍ വന്നതിനുശേഷം, 70-ാം വാര്‍ഷികത്തില്‍ ആഗോള മോട്ടോര്‍ സൈക്കിള്‍ ഉല്‍പാദനത്തില്‍ 400 ദശലക്ഷം യൂണിറ്റെന്ന നാഴികക്കല്ല് പിന്നിട്ട് ഹോണ്ട. 1948ല്‍ സ്ഥാപിതമായ ഹോണ്ട, 1963ല്‍ ബെല്‍ജിയത്തിലെ ആദ്യ വിദേശ ഉല്‍പാദന കേന്ദ്രത്തിലാണ് മോട്ടോര്‍സൈക്കിളുകളുടെ വന്‍തോതിലുള്ള ഉത്പാദനം ആരംഭിച്ചത്. അതിനുശേഷം ആവശ്യമനുസരിച്ച് പ്രാദേശികമായി ഉല്‍പ്പാദനം നടത്തുകയെന്ന ഹോണ്ടയുടെ അടിസ്ഥാന തത്വത്തിന് അനുസൃതമായി ആഗോളതലത്തില്‍ ഉല്‍പാദനം വിപുലീകരിച്ചു. നിലവില്‍ 21 രാജ്യങ്ങളിലെ 35 കേന്ദ്രങ്ങളില്‍ നിന്ന് 50 സിസി മുതല്‍ 1800 സിസി മോഡലുകള്‍ വരെയുള്ള നിരവധി മോട്ടോര്‍സൈക്കിളുകള്‍ ഹോണ്ട നിര്‍മിക്കുന്നുണ്ട്.

സാങ്കേതികവിദ്യയുടെ ഉദ്ദേശ്യം ആളുകളെ സഹായിക്കലാണെന്ന ആപ്തവാക്യത്തിന്റെ അടിസ്ഥാനത്തില്‍ ഹോണ്ട പല രാജ്യങ്ങളിലെയും പ്രദേശങ്ങളിലെയും ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുകയും നല്‍കുകയും ചെയ്തു. തല്‍ഫലമായി 1997ല്‍ ഹോണ്ട 100 ദശലക്ഷം യൂണിറ്റ് നാഴികക്കല്ല് നേടി. 2014ല്‍ അതിന്റെ 300 ദശലക്ഷം യൂണിറ്റ് നാഴികക്കല്ല് പിന്നിട്ടു. 2018ല്‍ ഹോണ്ടയുടെ ചരിത്രത്തില്‍ ആദ്യമായി 20 ദശലക്ഷം യൂണിറ്റ് ഉത്പാദനം കവിഞ്ഞു. കൂടാതെ ഏഷ്യയിലെയും ലോകമെമ്പാടുമുള്ള ഉപഭോക്താക്കളില്‍ നിന്നും ശക്തമായ പിന്തുണയും ഹോണ്ടക്ക് ലഭിക്കുന്നു. വര്‍ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി ഹോണ്ട അതിന്റെ വികസനവും ഉല്‍പാദന ഘടനയും നിര്‍മിക്കുന്നത് തുടരും. ലോകമെമ്പാടുമുള്ള ആളുകളെ സേവിക്കുന്നതിനായി 2030 ലക്ഷ്യങ്ങളാണ ഹോണ്ട സാക്ഷാത്കരിക്കാന്‍ ശ്രമിക്കുന്നത്.

ലോകമെമ്പാടുമുള്ള ഉപയോക്താക്കള്‍ക്ക് ജീവിതം എളുപ്പവും ആസ്വാദ്യകരവുമാക്കാനായി 70 വര്‍ഷമായി ഹോണ്ട മോട്ടോര്‍ സൈക്കിളുകള്‍ ലഭ്യമാക്കുന്നുണ്ടെന്ന് ഹോണ്ട മോട്ടോര്‍ കമ്പനി ലിമിറ്റഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ തകഹിരോ ഹച്ചിഗോ പറഞ്ഞു. തല്‍ഫലമായി 400 ദശലക്ഷം യൂണിറ്റ് നാഴികക്കല്ല് ഞങ്ങള്‍ നേടി. ഞങ്ങളുടെ എല്ലാ ഉപഭോക്താക്കളോടും ഞങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ വികസനം, ഉല്‍പ്പാദനം, വില്‍പ്പന, സേവനം എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാവരോടും ഞാന്‍ നന്ദിയുള്ളവനാണ്. ലോകമെമ്പാടുമുള്ള ഞങ്ങളുടെ ഉപഭോക്താക്കളുടെ ആവശ്യങ്ങളും സ്വപ്‌നങ്ങളും നിറവേറ്റുന്ന ആകര്‍ഷകമായ ഉല്‍പ്പന്നങ്ങള്‍ നല്‍കുന്നതിന് ഞങ്ങള്‍ ഇനിയും പരമാവധി ശ്രമിക്കും എന്നും അദ്ദേഹം പറഞ്ഞു.