ഫോക്‌സ്‌വാഗണ്‍ കാറുകളുടെ വാറണ്ടി കാലാവധിയും സൗജന്യ സര്‍വീസുകളും വര്‍ധിപ്പിച്ചു

Posted on: January 7, 2019

കൊച്ചി : വാറണ്ടി കാലാവധി നീട്ടിയും സൗജന്യ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിച്ചും കാറുടമകള്‍ക്കുണ്ടാകുന്ന ചെലവുകള്‍ ഗണ്യമായി കുറക്കാന്‍ ഫോക്‌സ്‌വാഗണ്‍ തീരുമാനിച്ചു. രണ്ട് വര്‍ഷത്തെ വാറണ്ടിയാണ് 2018 ഡിസംബര്‍ 31 വരെ ലഭ്യമായിരുന്നതെങ്കില്‍ ജനുവരി 1 മുതല്‍ വാങ്ങുന്ന കാറുകള്‍ക്ക് 4 വര്‍ഷത്തെയോ ഒരു ലക്ഷം കിലോമീറ്റര്‍ വരെയോ വാറണ്ടി ഉറപ്പ് നല്‍കുന്നു. സൗജന്യ റോഡ് സൈഡ് അസിസ്റ്റന്‍സ് രണ്ട് വര്‍ഷമെന്നത് നാല് വര്‍ഷമാക്കി വര്‍ധിപ്പിച്ചു. 7500 കിലോമീറ്റര്‍ ഓടുന്നത് വരെയോ 6 മാസം വരെയോ ആയിരുന്നു നേരത്തെ സൗജന്യ സര്‍വീസനുവദിച്ചതെങ്കില്‍ ഇപ്പോള്‍ ആദ്യ വര്‍ഷത്തിലോ 15,000 കിലോ മീറ്റര്‍ വരെയോ മൂന്ന് തവണ സൗജന്യ സര്‍വീസ് ലഭ്യമാണ്.

ഇതോടെ കാറുടമ സര്‍വീസിനത്തില്‍ നേരത്തെ ചെലവാക്കിയ തുകയില്‍ 24 ശതമാനം കുറവു വരുമെന്ന് ഫോക്‌സ്‌വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഡയറക്റ്റര്‍ സ്റ്റെഫന്‍ നാപ്പ് പറഞ്ഞു. സര്‍വീസിനത്തിലുള്ള ചെലവ് കുറയ്ക്കുന്നതിനും സ്‌പെയര്‍ പാര്‍ടുകള്‍ ന്യായ വിലയ്ക്ക് ലഭ്യമാക്കുന്നതിനും ഈയിടെയായി നിരവധി നടപടികള്‍ കമ്പനി സ്വീകരിച്ചു വരികയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തെ എല്ലാ ഷോറൂമുകളിലും സര്‍വീസ് ചാര്‍ജ് ഏകീകരിക്കുകയുണ്ടായി. നിര്‍ദിഷ്ട തുക നല്‍കിയാല്‍ അധിക വാറണ്ടി ലഭ്യമാക്കുന്ന സംവിധാനമാരംഭിച്ചു. ഒരു വര്‍ഷത്തേക്കോ 20,000 കിലോ മീറ്റര്‍ വരെയോ ആവും ഇത് ലഭ്യമാവുക. അധിക വാറണ്ടി ലഭിക്കുക ഏഴ് വര്‍ഷം വരെയോ 1,25,000 കിലോ മീറ്റര്‍ വരെയോ ആയിരിക്കും. പുതുതായി നടപ്പിലായ 4 വര്‍ഷ വാറണ്ടിയും മൂന്ന് സൗജന്യ സര്‍വീസുകളും 2019 ജനുവരി മുതല്‍ വാങ്ങുന്ന കാറുകള്‍ക്ക് മാത്രമാണ് ബാധകമാവുക.

TAGS: Volkswagen Cars |