വിനോദസഞ്ചാരികളെ സ്വാഗതം ചെയ്ത് കൊച്ചി-മൂന്നാർ വാഹനറാലി

Posted on: September 12, 2018

കൊച്ചി : വിനോദസഞ്ചാരികളെ വരവേൽക്കാൻ മൂന്നാറും കേരളവും തയാറായെന്ന് വിളിച്ചറിയിച്ചുകൊണ്ട് ടൂറിസം മേഖലയിലെ വിവിധ സംഘടനകൾ ചേർന്ന് കൊച്ചിയിൽ നിന്ന് മൂന്നാലേക്ക് കാർ-ബുള്ളറ്റ് റാലി നടത്തി.

ഉദ്യമത്തിന് പിന്തുണയർപ്പിച്ച് കേരള ട്രാവൽ മാർട്ട് സൊസൈറ്റി പ്രസിഡന്റ് ബേബി മാത്യു, ദേശീയ ടൂറിസം ഉപദേശക സമിതി വിദഗ്ധ അംഗം ഏബ്രഹാം ജോർജ് എന്നിവർ ദർബാർ ഹാൾ ഗ്രൗണ്ടിൽ നിന്നാരംഭിച്ച റാലി ഫ്‌ലാഗ് ഓഫ് ചെയ്തു.

നീലക്കുറിഞ്ഞി വിരിഞ്ഞു നിറഞ്ഞ മലനിരകളിലേയ്ക്ക് എത്താൻ സഞ്ചാരികൾക്ക് തടസമില്ലെന്നു കൂടി പ്രഖ്യാപിക്കുന്നതായിരുന്നു കേരള ടൂറിസത്തിന്റെ പിന്തുണയോടെ നടത്തിയ റാലി. മൂന്നാറിനൊപ്പം കേരളത്തിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും പുതിയ ടൂറിസ്റ്റ് സീസണിനുവേണ്ടി സജ്ജമായിക്കഴിഞ്ഞുവെന്ന സന്ദേശവും റാലി നൽകി. കൊച്ചിയിൽനിന്ന് 150 കാറുകളും നിരവധി ബുള്ളറ്റുകളും മാർഗമധ്യേയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെ വൈകുന്നേരം ആറരയോടെ മൂന്നാറിലെത്തി.

മൂന്നാറിനെ അനുഭവവേദ്യമാക്കാനായിരുന്നു റാലി സംഘടിപ്പിച്ചതെന്ന് ബേബി മാത്യു പറഞ്ഞു. കേരളത്തിലെത്തുന്നതിന് തടസമൊന്നുമില്ലെന്നും സുഖവാസകേന്ദ്രങ്ങൾ സജ്ജമാണെന്നും ടൂറിസ്റ്റുകളെ അറിയിക്കാൻ റാലിയിലൂടെ കഴിയുമെന്ന് അദേഹം കൂട്ടിച്ചേർത്തു.

കേരളത്തിലെ ടൂറിസം വ്യവസായം തിരിച്ചുവരവിന്റെ പാതയിലാണെന്ന് ലോകത്തെ അറിയിക്കുന്നതിനുള്ള പ്രതീകാത്മമായാണ് റാലി സംഘടിപ്പിച്ചതെന്ന് ഏബ്രഹാം ജോർജ് പറഞ്ഞു

സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രമായ മൂന്നാർ സന്ദർശനത്തിന് യോഗ്യമാണെന്ന് സാക്ഷ്യപ്പെടുത്തുന്നതിനാണ് വിവിധ ടൂറിസം സംഘടനകൾ ചേർന്ന് റാലിയെന്ന ആശയം മുന്നോട്ട് വച്ചതെന്ന് സംഘാടക സമ്മതി ചെയർമാനായ വിനോദ് വി. പറഞ്ഞു. വിസിറ്റ് കുറിഞ്ഞി എന്ന ലോഗോയുടെ പ്രകാശനം കെടിഎം വൈസ് പ്രസിഡന്റ് റിയാസ് യു.സി നിർവഹിച്ചു.