കേരള ടൂറിസത്തിന് ലണ്ടൻ ടൂറിസം മേളയിൽ മികച്ച പവിലിയൻ പുരസ്‌കാരം

Posted on: November 10, 2016

kerala-tourism-london-pavli

തിരുവനന്തപുരം : കേരള ടൂറിസത്തിന് ലണ്ടനിൽ നടന്ന വേൾഡ് ട്രാവൽ മാർക്കറ്റിൽ മികച്ച പവിലിയനുള്ള ബെസ്റ്റ് സ്റ്റാൻഡ് ഫീച്ചർ പുരസ്‌കാരം. 120 ചതുരശ്ര മീറ്ററിൽ സജ്ജീകരിച്ച വിശാലമായ പവിലിയനിൽ മൂന്നു ചുണ്ടൻവള്ളങ്ങളുടെ കമനീയമായ മാതൃകകൾക്കു പുറമെ ചിത്രങ്ങളും വള്ളംകളിയുടെ വീഡിയോ ദൃശ്യങ്ങളും സമന്വയിപ്പിച്ചാണ് കേരളം ടൂറിസം ലണ്ടനിൽ വിസ്മയക്കാഴ്ചയൊരുക്കിയത്. ചുണ്ടൻവള്ളങ്ങൾ നേരിട്ടു കാണുന്നതിനു കേരളത്തിലേക്ക് പോകാൻ തങ്ങൾ അതിയായി ആഗ്രഹിക്കുന്നു എന്നാണ് പുരസ്‌കാരത്തിനായി കേരളത്തെ തെരഞ്ഞെടുത്ത വിധികർത്താക്കൾ പറഞ്ഞത്.

വേൾഡ് ടൂറിസം മാർക്കറ്റിന്റെ ഔദ്യോഗിക പങ്കാളിയായതിലൂടെ ബ്രാൻഡ് ശക്തിപ്പെടുത്തുന്നതിനും കൂടുതൽ ശ്രദ്ധയാകർഷിക്കുന്നതിലും കേരള ടൂറിസത്തിന് കഴിഞ്ഞതായാണു വിലയിരുത്തൽ. 182 രാജ്യങ്ങളിൽ നിന്നുമായി 5000 പ്രദർശകരാണ് മേളയിൽ പങ്കെടുത്തത്. കേന്ദ്ര ടൂറിസം സഹമന്ത്രി ഡോ. മഹേഷ് ശർമ, കേന്ദ്ര ടൂറിസം സെക്രട്ടറി വിനോദ് സുത്ഷി എന്നിവർ കേരളത്തിന്റെ പവിലിയൻ സന്ദർശിച്ച പ്രമുഖരിൽപെടുന്നു.

TAGS: Kerala Tourism |