കോവളത്ത് സിസിടിവി സുരക്ഷ ഉറപ്പുവരുത്താൻ ടൂറിസം വകുപ്പ്

Posted on: August 28, 2016

Kovalam-Beach-Big

തിരുവനന്തപുരം : പുതിയ ടൂറിസം സീസണിൽ സുരക്ഷാകാര്യങ്ങളിലുൾപ്പെടെ പുതിയ സംവിധാനങ്ങളൊരുക്കി സഞ്ചാരികളെ വരവേൽക്കാൻ കോവളം ഒരുങ്ങുന്നു. തീരം സീസൺ തിരക്കിലാകുമ്പോൾ സഞ്ചാരികൾക്ക് പരമാവധി സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ടൂറിസം വകുപ്പ് തീരുമാനിച്ചു. തീരത്തെ എല്ലാ വിധ സുരക്ഷാക്രമീകരണങ്ങളുടെയും ചുമതലയ്ക്കായി ഡെസ്റ്റിനേഷൻ മാനേജരെ നിയമിക്കും. മുമ്പ് പല തലങ്ങളിൽ കൈകാര്യം ചെയ്തിരുന്ന സുരക്ഷാക്രമീകരണങ്ങൾ ഇനി ഡെസ്റ്റിനേഷൻ മാനേജരുടെ കീഴിലാകും. ദൈനംദിന സുരക്ഷാനടപടികളുടെ ഉത്തരവാദിത്തവും ഡെസ്റ്റിനേഷൻ മാനേജർക്കായിരിക്കും. കോവളം തീരമാകെ 24 മണിക്കൂറും സിസിടിവി സംവിധാനത്തിന്റെ നിയന്ത്രണത്തിൽ കൊണ്ടുവരും. ഇതു സഞ്ചാരികൾക്ക് പൂർണമായും സുരക്ഷിതമായ അന്തരീക്ഷം ഉറപ്പുവരുത്തും.

ടൂറിസം സീസണിനു മുന്നോടിയായി അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്താൻ സ്ഥലമേറ്റെടുക്കുന്നതുൾപ്പെടെയുള്ള നടപടികൾ ചർച്ച ചെയ്യുന്നതിനുവേണ്ടി കേരള ടൂറിസം വിളിച്ചുകൂട്ടിയ യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങളെടുത്തത്. സുരക്ഷസംവിധാനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി കോവളം തീരത്ത് വെളിച്ചം ലഭ്യമാക്കാനുള്ള നടപടികൾ കൈക്കൊള്ളും. എടക്കൽ പാറക്കൂട്ടം പോലെ സഞ്ചാരികൾക്കു പ്രിയങ്കരങ്ങളായ സ്ഥലങ്ങളിൽ തീരസൗന്ദര്യത്തിനു മങ്ങലേൽപ്പിക്കാതെ തന്നെ സുരക്ഷാവേലികളും നിർമിക്കും.

ബഹുമുഖ വികസന പദ്ധതികൾക്കായി എട്ടേക്കർ സ്ഥലം ഏറ്റെടുക്കാൻ പദ്ധതിയുണ്ടെന്ന് ടൂറിസം ഡയറക്ടർ യു.വി. ജോസ് പറഞ്ഞു. സ്ഥലം ഏറ്റെടുക്കൽ സംബന്ധിച്ച സർക്കാർ നടപടിക്രമങ്ങളെല്ലാം പാലിച്ചായിരിക്കും ഇതെന്നും ടൂറിസം ഡയറക്ടർ വ്യക്തമാക്കി. കുടിവെള്ളം, മാലിന്യ സംസ്‌കരണം, വാഹന പാർക്കിംഗ്, സഞ്ചാരികളുടെ സുരക്ഷ എന്നീ പ്രശ്‌നങ്ങളിൽ കൈക്കൊള്ളേണ്ട നടപടികളും യോഗം ചർച്ച ചെയ്തു. കോവളത്ത് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഏർപ്പെടുത്തുമെന്നും ഇപ്പോൾ നടക്കുന്ന എല്ലാ പദ്ധതികളും ടൂറിസം സീസണിനു മുൻപ്, സമയബന്ധിതമായി പൂർത്തിയാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും ടൂറിസം ഡയറക്ടർ പറഞ്ഞു.

കോവളത്തെ പ്രധാന പ്രശ്‌നങ്ങളിലൊന്നായ ശുദ്ധജല ദൗർലഭ്യം പരിഹരിക്കാനായി ജല അതോറിറ്റിയുടെ വെള്ളായണി ശുദ്ധീകരണ പ്ലാന്റിൽനിന്ന് കുടിവെള്ളമെത്തിക്കും. ഇതിനാവശ്യമായ കുടിവെള്ള പൈപ്പ് ലൈനുകളും സ്ഥാപിക്കും. സീസൺ തുടങ്ങുന്ന നവംബർ ആദ്യവാരം തന്നെ ശുദ്ധജല ലഭ്യതയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുമെന്നും ടൂറിസം ഡയറക്ടർ ഉറപ്പുനൽകി.

എം. വിൻസന്റ് എംഎൽഎ, ടൂറിസം ഡയറക്ടർ യു.വി. ജോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം. ജല അഥോറിട്ടി, പൊതുമരാമത്ത് വകുപ്പ്, കോവളം സംരക്ഷണ സമിതി, കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ, കേരളാ ടൂറിസം വികസന കോർപറേഷൻ, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, സംസ്ഥാന തീരദേശ വികസന കോർപറേഷൻ എന്നിവയുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.