എൻജിനീയറിംഗ് കോളജുകളെ സ്റ്റാർട്ടപ് സെന്ററുകളാക്കാൻ എസ്‌വി. കോ

Posted on: August 20, 2016

Startup-Village-Logo-Big

തിരുവനന്തപുരം : കേരളത്തിലെ എൻജിനീയറിംഗ് കോളജുകളെ സ്റ്റാർട്ടപ് സെന്റർ ഓഫ് എക്‌സലൻസ് ആയി വികസിപ്പിക്കാനുള്ള പദ്ധതി എസ്‌വി.കോ ആവിഷ്‌കരിച്ചു. വിദ്യാർഥികളുടെ സംരംഭക ശേഷി അക്കാദമിക പശ്ചാത്തലത്തിൽ വികസിപ്പിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് എസ്‌വി.കോ ഈ പദ്ധതി നടപ്പാക്കുന്നത്. കേരള സ്റ്റാർട്ടപ് മിഷൻ സംഘടിപ്പിക്കുന്ന സംസ്ഥാനതല ഐഇഡിസി മീറ്റിൽവച്ച് ഓഗസ്റ്റ് 23 ന് സ്റ്റാർട്ടപ് സെന്റർ ഓഫ് എക്‌സലൻസ് പദ്ധതി അവതരിപ്പിക്കുമെന്നു സ്റ്റാർട്ടപ് വില്ലേജ് ചെയർമാൻ സഞ്ജയ് വിജയകുമാർ വ്യക്തമാക്കി.

കേരള സ്റ്റാർട്ട്അപ്പ് മിഷന്റെ ഇന്നവേഷൻ ആൻഡ് എന്റർപ്രണർഷിപ്പ് സെന്ററുകൾ (ഐഇഡിസി) നിലവിൽ പ്രവർത്തിക്കുന്ന കോളജുകളിലായിരിക്കും എസ്‌വി.കോ സ്റ്റാർട്ടപ് സെന്റർ ഓഫ് എക്‌സലൻസുകൾ സ്ഥാപിക്കുക. അടൽ ഇന്നവേഷൻ സെന്ററുകൾ സ്ഥാപിക്കുന്നതിന് സ്റ്റാർട്ടപ് ഇന്ത്യ അപേക്ഷ ക്ഷണിച്ചിട്ടുണ്ടെന്ന് സഞ്ജയ് വിജയകുമാർ പറഞ്ഞു. മാനേജ്‌മെന്റിന്റെ മികച്ച പിന്തുണയും കാമ്പസുകളിൽ വിദ്യാർഥികളുടെ സ്റ്റാർട്ടപ്പുകളും ഉണ്ടാവുക എന്നതും ഇത്തരം ദേശീയപദ്ധതികളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുക്കപ്പെടുന്ന കോളജുകളിലെ അധ്യാപകർക്കും വിദ്യാർഥികൾക്കും എസ്‌വി.കോയും വ്യവസായമേഖലയിലെ പങ്കാളികളും നേരിട്ടുള്ള സഹായവും മികച്ച പ്രവർത്തനങ്ങൾക്കായുള്ള പരിശീലനവും നൽകുമെന്ന് അദ്ദേഹം അറിയിച്ചു. വിവിധ ബ്രാഞ്ചുകളിൽ പഠിക്കുന്ന വിദ്യാർഥികളിൽ നിന്നായി 10 ടീമുകളെ വരെ ഓരോ മാനേജ്‌മെന്റിനും www.sv.co എന്ന വെബ്‌സൈറ്റിൽ #StartInCollege പദ്ധതിക്കുകീഴിൽ നാമനിർദേശം ചെയ്യാം. ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്ന മൂന്ന് സ്റ്റാർട്ടപ്പുകളെങ്കിലുമുള്ള കോളജ് എസ്‌വി.കോയുടെ സ്റ്റാർട്ടപ് സെന്റർ ഓഫ് എക്‌സലൻസ് പദ്ധതിക്കുള്ള യോഗ്യത നേടും.