കെഎംഎ ബിസിനസ് സക്‌സസ് ഫോറത്തിന് തുടക്കമായി

Posted on: December 18, 2017

കേരള മാനേജ്‌മെന്റ് അസോസിയേഷൻ ആരംഭിച്ച ബിസിനസ് സക്‌സസ് ഫോറം പ്രഭാഷണ പരമ്പര കൊച്ചിയിൽ സേവ്യർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആൻഡ് എന്റർപ്രണർഷിപ്പ് ചെയർമാൻ പ്രഫ. ജെ. ഫിലിപ്പ് ഉദ്ഘാടനം ചെയ്യുന്നു. കെഎംഎ ഇന്നൊവേറ്റീസ് ഇനിഷ്യേറ്റീവ്‌സ് ചെയർമാൻ രാജൻ ജോർജ്, കെഎംഎ പ്രസിഡൻറ് വിവേക് കൃഷ്ണ ഗോവിന്ദ്, എവിഎ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടർ ഡോ. എ.വി. അനൂപ്, കെഎംഎ സെക്രട്ടറി ആർ. മാധവ് ചന്ദ്രൻ എന്നിവർ സമീപം.

കൊച്ചി : കേരള മാനേജ്‌മെന്റ് അസോസിയേഷൻ (കെഎംഎ) സംസ്ഥാനത്തെ വിജയം വരിച്ച സംരംഭകരെ അണിനിരത്തി ബിസിനസ് സക്‌സസ് ഫോറം എന്ന പ്രഭാഷണ- ചർച്ചാ പരമ്പരയ്ക്കു തുടക്കമിട്ടു. സേവ്യർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആൻഡ് എന്റർപ്രണർഷിപ്പ് ചെയർമാൻ പ്രഫ. ജെ. ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. എവിഎ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടർ ഡോ.എ.വി. അനൂപ് ആദ്യ പ്രഭാഷണം നിർവഹിച്ചു.

ഒട്ടേറെ മേഖലകളിൽ ഇന്ത്യയ്ക്കു വിജയകഥകൾ പറയാൻ ഏറെയുണ്ടെങ്കിലും സംരംഭകത്വ രംഗത്ത് ഇന്ത്യ 100 രാജ്യങ്ങളുടെ പട്ടികയിൽ കേവലം 68 ാം സ്ഥാനത്തു മാത്രമാണെന്നു പ്രഫ. ജെ. ഫിലിപ്പ് ചൂണ്ടിക്കാട്ടി. ഏതാണ്ടെല്ലാ രംഗത്തും തൊഴിലില്ലാത്ത യുവാക്കളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ചുകൊണ്ടു വിജയം വരിക്കുന്ന ഓരോ സംരംഭകനെയും കൈയടിച്ചു പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. ജർമനി, സ്വിറ്റ്‌സർലാൻഡ്, ഡെൻമാർക്ക് പോലെയുള്ള രാജ്യങ്ങളുടെ പാതയാണ് ഇന്ത്യ പിന്തുടരേണ്ടത്. കുട്ടികളിൽ ചെറുപ്പകാലത്തു തന്നെ സംരംഭകത്വ കഴിവുകൾ വികസിപ്പിച്ചെടുക്കണം.

ജർമനിയും തായ്ലാൻഡുമൊക്കെ ചെയ്യുന്നതുപോലെ സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കണം, പുതിയവ തുടങ്ങണം. അതിലൂടെ കൂടുതൽ ബിസനസുകളും തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. കേരളത്തിൽ 18 ഇൻകുബേറ്ററുകളുണ്ട് എന്നത് അഭിനന്ദനാർഹമാണ് – ഡോ. ഫിലിപ്പ് പറഞ്ഞു.

ഏറ്റവും ലളിതമായ രീതിയിൽ ആരംഭിച്ച് ഇന്നു ലോകത്ത് ഏറ്റവുമധികം വിൽക്കപ്പെടുന്ന ആയുർവേദിക് ബാത്ത് സോപ്പായി മാറാൻ മെഡിമിക്‌സിന് സാധിച്ചതെങ്ങനെയെന്നു മാേനജിംഗ് ഡയറക്ടർ ഡോ. എ.വി. അനൂപ് വിശദീകരിച്ചു. ഭക്ഷ്യോത്പന്ന വ്യവസായം, ചലച്ചിത്ര നിർമാണം തുടങ്ങിയ മേഖലകളിലേക്കുള്ള കാൽവയ്പിനെപ്പറ്റിയും അദ്ദേഹം സംസാരിച്ചു.

മുഖ്യമായും പേഴ്‌സണൽ കെയർ, നാച്വറൽ ഉത്പന്ന രംഗത്താണു കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. എണ്ണമറ്റ സാമൂഹ്യക്ഷേമ സേവന പ്രവർത്തനങ്ങൾ നടത്താനും സാധിക്കുന്നു. ചെന്നൈയിലെ ആശുപത്രികളുമായി സഹകരിച്ചു ട്രോമ കെയർ, കാൻസർ കെയർ സേവനങ്ങൾ നൽകുന്നു. വെള്ളപ്പൊക്ക ദുരന്തബാധിതർക്കായി വേൾഡ് മലയാളി കൗൺസിലുമായി സഹകരിച്ചു 100 വീടുകൾ നിർമിക്കുന്ന പദ്ധതിയും നടന്നുവരുന്നു- ഡോ. അനൂപ് വ്യക്തമാക്കി.

കെഎംഎ പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ് ചടങ്ങിൽ അധ്യക്ഷനായി. കെഎംഎയുടെ ഇന്നൊവേറ്റീസ് ഇനിഷ്യേറ്റീവ്‌സ് ചെയർമാൻ രാജൻ ജോർജ് സ്വാഗതവും കെഎംഎ സെക്രട്ടറി ആർ. മാധവ് ചന്ദ്രൻ നന്ദിയും പറഞ്ഞു.