ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ലുലു മാളും ഹയാത്ത് കൺവെൻഷൻ സെന്ററും സന്ദർശിച്ചു

Posted on: November 11, 2017

കൊച്ചി : ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കൊച്ചി ലുലു മാളും നിർമാണം പുരോഗമിക്കുന്ന ബോൾഗാട്ടിയിലെ ഹയാത്ത് കൺവെൻഷൻ സെന്ററും സന്ദർശിച്ചു. വിശാഖപട്ടണത്ത് ലുലു ഗ്രൂപ്പ് 3000 കോടി മുതൽ മുടക്കിൽ 22 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ഷോപ്പിംഗ് മാളും മാരിയറ്റ് ഹോട്ടലും വിപുലമായ കൺവെൻഷൻ സെന്ററും നിർമിക്കുന്നതിന് മുന്നോടിയായി കൊച്ചിയിലെ ലുലു മാളും കൺവൻഷൻ സെന്ററും സന്ദർശിക്കാൻ ചന്ദ്രബാബു നായിഡു ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയെ താത്പര്യമറിയിക്കുകയായിരുന്നു.

ഇന്നലെ രാവിലെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് എം എ യൂസഫലിക്കൊപ്പം ബോൾഗാട്ടിയിലെ കൺവെൻഷൻ സെന്ററിലെത്തിയ ചന്ദ്രബാബു നായിഡു അരമണിക്കൂർ അവിടെ ചെലവഴിച്ച് സെന്ററിന്റെ സവിശേഷതകൾ നേരിൽ കാണ്ടു. 12 മണിയോടെ ലുലു മാളിൽ എത്തിച്ചേർന്ന നായുഡു യൂസഫലി ഓടിച്ച ബഗ്ഗിയിൽ മാളിന്റെ താഴത്തെ നിലയിലെ സ്ഥാപനങ്ങൾ നോക്കിക്കാണുകയും ലുലു ഹൈപ്പർമാർക്കറ്റിന്റെ പ്രവർത്തനം വിലയിരുത്തുകയും ചെയ്തു. ബേക്കറി കൗണ്ടറിൽ യൂസഫലി നൽകിയ മധുരപലഹാരങ്ങൾ നായിഡു ആസ്വദിച്ചു. അവിടെ നിന്ന് മുകളിലെ നിലയിലെ സ്ഥാപനങ്ങളും മൂന്നാം നിലയിലെ സ്പാർക്കീസ് ഏരിയയും ചുറ്റി നടന്നു കണ്ടു. ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ എം എ അഷ്‌റഫലിയും ഒപ്പമുണ്ടായിരുന്നു.

ലുലു മാളിന്റെയും കൺവെൻഷൻ സെന്ററിന്റെയും ലോക നിലവാരം ബോധ്യപ്പെട്ടതായി ഒരു മണിക്കൂർ നീണ്ട സന്ദർശനത്തിന് ശേഷം നായിഡു മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഏറ്റവും മികച്ച ഷോപ്പിംഗ് മാളാണ് ഇതെന്നും 5000 പേർക്കിരിക്കാവുന്ന കൺവൻഷൻ സെന്റർ ലോക നിലവാരത്തിലുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആന്ധ്രപ്രദേശ് സർക്കാർ മിഡിൽ ഈസ്റ്റിൽ കഴിഞ്ഞ മാസം നടത്തിയ നിക്ഷേപക സംഗമത്തിലാണ് എം എ യൂസഫലി വിശാഖപട്ടണത്ത് ഷോപ്പിംഗ് മാളും കൺവെൻഷൻ സെന്ററുമുൾപ്പെട്ട സമുച്ചയം നിർമിക്കുന്നതിനുള്ള പ്രോജക്ട് അവതരിപ്പിച്ചത്. വിശാഖപട്ടണത്തെ അഭിമാന പദ്ധതിക്ക് ലുലു ഗ്രൂപ്പിന് ടെൻഡർ നൽകിയതായി നായിഡു അറിയിച്ചു. 5000 പേർക്ക് തൊഴിലവസരങ്ങൾ നൽകുന്നതാണ് ഈ ബൃഹദ്പദ്ധതി. കൊച്ചിയിൽ നിർമിച്ചതു പോലുള്ള ഷോപ്പിംഗ് മാളും കൺവെൻഷൻ സെന്ററും നിർമിക്കാൻ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയോട് താൻ അഭ്യർഥിക്കുകയായിരുന്നു.

 

പദ്ധതി ലോക നിലവാരത്തിൽ നടപ്പാക്കാനുള്ള ശേഷി ലുലു ഗ്രൂപ്പിനുണ്ടെന്ന് ലുലു മാളും കൺവെൻഷൻ സെന്ററും സന്ദർശിച്ചതിൽ നിന്ന് ബോധ്യപ്പെട്ടു. വിശാഖപട്ടണം വലിയ സാധ്യതകൾ മുന്നോട്ടുവെക്കുന്ന നഗരമാണ്. കേരളത്തിന് ലുലു ഗ്രൂപ്പ് വലിയ സംഭാവനകൾ നൽകിക്കഴിഞ്ഞുവെന്നാണ് തനിക്ക് മനസിലാക്കാൻ സാധിച്ചതെന്നും ഇന്ത്യയിലെമ്പാടും ഇത്തരം നിക്ഷേപ പദ്ധതികൾ വരേണ്ടതുണ്ടെന്നും നായിഡു പറഞ്ഞു.

ആന്ധ്രപ്രദേശിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരും നായിഡുവിനെ അനുഗമിച്ചിരുന്നു. യൂസഫലിയുടെ കടവന്ത്രയിലെ വസതിയും സന്ദർശിച്ച ശേഷം അദേഹം നെടുമ്പാശേരിയിൽ വഴി മടങ്ങി.