നിബ് മീഡിയ & പിആർ അവാർഡ് വിതരണം 18 ന്

Posted on: February 18, 2017

 

നിബ് അവാർഡ് ജേതാക്കൾ  മുകൾ നിരയിൽ  – കബീർ ജലാലുദ്ദീൻ (ഡെൽറ്റ ഗ്രൂപ്പ് ദുബായ്), സി.പി. സാലിഹ് (ആസ ഗ്രൂപ്പ്), അഷീൻ പാണക്കാട് (നന്മ പ്രോപ്പർട്ടീസ്). മാധ്യമ അവാർഡുകൾ നേടിയ മനു ഷെല്ലി (മെട്രോ വാർത്ത), ജോഷി കുര്യൻ (ഏഷ്യാനെറ്റ് ന്യൂസ്), മിഥുൻ പുല്ലുവഴി (മംഗളം) എന്നിവർ രണ്ടാമത്തെ നിരയിൽ.

 

കൊച്ചി : എറണാകുളം പ്രസ് ക്ലബും പിആർസിഐ കേരള ചാപ്റ്ററും സംയുക്തമായി സംഘടിപ്പിക്കുന്ന മൂന്നാമത് നിബ് അവാർഡ് വിതരണം 18 ന് ശനിയാഴ്ച കൊച്ചിയിലെ ക്രൗൺ പ്ലാസയിൽ നടക്കും. കേരളത്തിലെ മീഡിയ, പി.ആർ എന്നിവയ്ക്കുപുറമെ അഖിലേന്ത്യാടിസ്ഥാനത്തിൽ ഹൗസ് ജേർണലുകൾക്കും, ഇ-മാഗസിനുകൾക്കും നിബ് അവാർഡുകൾ നൽകുന്നുണ്ട്.

രാവിലെ 10 ന് നടക്കുന്ന പിആർ & മീഡിയ സെമിനാർ കേരള നിയമസഭ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കെ.വി.തോമസ് എംപി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഹൗസ് ജേർണ്ണൽ/ ന്യൂസ് ലെറ്റർ വിഭാഗങ്ങളിലുളള അവാർഡുകൾ വിതരണം ചെയ്യും. തുടർന്ന് എയർ ഇന്ത്യയുടെ മുൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ജിതേന്ദർ ഭാർഗവ, മനോരമ ന്യൂസ്, ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസ് എന്നിവർ ക്ലാസുകൾ നയിക്കും.

വൈകുന്നേരം 6.30ന് നടക്കുന്ന പിആർ & മീഡിയ അവാർഡ് വിതരണ ചടങ്ങ് രാജ്യസഭ ഡെപ്യൂട്ടി ചെയർമാൻ പി.ജെ. കുര്യൻ ഉദ്ഘാടനം ചെയ്യും. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ റിച്ചാർഡ് ഹെയ് എംപി, ഹൈബി ഈഡൻ എംഎൽഎ, ജോൺ ഫെർണാണ്ടസ് എംഎൽഎ തുടങ്ങിയവർ സംബന്ധിക്കും. എസ്‌സിഎംസ് ഗ്രൂപ്പ് ചെയർമാൻ ഡോ. ജി.പി.സി നായരെയും, മലയാള മനോരമ മുൻ സ്‌പെഷ്യൽ ബിസിനസ് കറസ്‌പോണ്ടന്റ് എംഡി വർഗീസിനെയും ചടങ്ങിൽ ആദരിക്കും.

മീഡിയ വിഭാഗത്തിൽ മികച്ച ഇൻവെസ്റ്റിഗേറ്റീവ് റിപ്പോർട്ടിനുളള അവാർഡ് ജോഷി കുര്യനും (ഏഷ്യാനെറ്റ്, കൊച്ചി), മികച്ച ക്യാമറയ്ക്കുളള അവാർഡ് സന്തോഷ് എസ് പിളളക്കും (മനോരമന്യൂസ്, വയനാട് ), വിതരണം ചെയ്യും.  പ്രിൻറ് മീഡിയ വിഭാഗത്തിൽ മംഗളം പത്രത്തിൽ പ്രസിദ്ധീകരിച്ച മരണം കൊതിച്ച് അവയവവിപണി എന്ന ലേഖനത്തിന് മിഥുൻ പുല്ലുവഴിക്ക് മികച്ച അന്വേഷണാത്മക റിപ്പോർട്ടിനുള്ള പുരസ്‌കാരം നൽകും.

മികച്ച വാർത്താചിത്രത്തിനുള്ള പുരസ്‌ക്കാരം മെട്രോ വാർത്ത ബ്യൂറോ ഹെഡ് മനു ഷെല്ലിക്ക് സമ്മാനിക്കും. പിആർ വിഭാഗത്തിൽ ബിസിനസ് ഐക്കൺ ഓഫ് ദ ഇയർ അവാർഡ് ആസ ഗ്രൂപ്പ് എംഡി സി.പി. സാലിഹിനും, എൻ.ആർ.ഐ ബിസിനസ്മാൻ ഓഫ് ദ ഇയർ അവാർഡ് ദുബായ് ആസ്ഥാനമായുളള ഡെൽറ്റ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ കബീർ ജലാലുദ്ദീനും ഔട്ട്സ്റ്റാന്റിംഗ് കോൺട്രിബ്യൂഷൻ ടു ഹുമാനിറ്റേറിയൻ & സോഷ്യൽ ഇഷ്യൂസ് അവാർഡ് റവ.ഡോ. കെ.പി. യോഹന്നാനും, ബെസ്റ്റ് ഇന്നോവേറ്റർ ഇൻ സിഎസ്ആർ ഇനിഷ്യേറ്റീവ് അവാർഡ് നൻമ പ്രോപ്പർട്ടീസ് എം ഡി അഷീൻ പാണക്കാടിനും, സമ്മാനിക്കും.

മുതിർന്ന മാധ്യമപ്രവർത്തകരായ ഡോ. സെബാസ്റ്റിയൻ പോൾ, കെ. സഹദേവൻ, ബി.ജയചന്ദ്രൻ എന്നിവരടങ്ങുന്ന ജഡ്ജിങ് പാനലാണ് വിധിനിർണയം നടത്തിയത്. എറണാകുളം പ്രസ്‌ക്ലബ് പ്രസിഡന്റ് കെ. രവി കുമാർ, സെക്രട്ടറി എസ്. ഉണ്ണി കൃഷ്ണൻ, പി.ആർ.സി.ഐ. കേരള ചാപ്റ്റർ ചെയർമാൻ യു.എസ്.കുട്ടി, സെക്രട്ടറി ടി.വിനയ് കുമാർ, ട്രഷറർ പികെ. നടേഷ് തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.