കേരളം സിംഗപ്പൂരിനെ മാതൃകയാക്കണമെന്ന് ജിബി മാത്യു

Posted on: January 9, 2016

Giby-Mathew-Celebrus-Big

കൊച്ചി : ഭൗമ ശാസ്ത്രപരമായും അല്ലാതെയും കേരളവുമായി ഏറെ സാദൃശ്യമുള്ള സിംഗപ്പൂരിനെ വികസന കാര്യത്തിൽ കേരളത്തിന് മാതൃകയാക്കാമെന്ന് സെലിബ്രസ് ക്യാപിറ്റൽ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ജിബി മാത്യു. എറണാകുളം പ്രസ്‌ക്ലബ് സംഘടിപ്പിക്കുന്ന കൊച്ചി വികസന സംഗമത്തിന് മുന്നോടിയായി നടക്കുന്ന മീറ്റ് ദി പ്രസ് പരമ്പരയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കരുത്തുറ്റ നേതൃത്വവും മികച്ച നയപരിപാടികളും ഉണ്ടെങ്കിൽ സാധ്യമാകും. കൊച്ചിയിൽ നിക്ഷേപക സമൂഹത്തിന്റെ അഭാവം വികസനത്തെ ബാധിക്കുന്നുണ്ട്. ഏഞ്ചൽ ഇൻവെസ്റ്റിംഗ് സെന്ററുകൾ സ്ഥാപിക്കണം. ഏഞ്ചൽ ഇൻവെസ്റ്റർമാരെ ആകർഷിച്ചാൽ വികസന കാര്യത്തിൽ അത്ഭുതം സൃഷ്ടിക്കാമെന്നും ചൂണ്ടിക്കാട്ടി.

കൊച്ചിയുടെ കാഴ്ച്ചപ്പാടില്ലെങ്കിൽ കഴിഞ്ഞ വർഷം നേടിയതിനപ്പുറം കൊച്ചിക്ക് നേടാനാവില്ല. കൊച്ചിയെ ഫിനാൻഷ്യൽ ഹബ് ആക്കി മാറ്റണം. സേവന, ധനകാര്യ വ്യവസായങ്ങളാണ് കൊച്ചിക്ക് ഇനിയാവശ്യം. സൗകര്യങ്ങൾ ഒരുക്കുന്നില്ല എന്നതാണ് കൊച്ചിയുടെ പോരായ്മ. വമ്പൻ വ്യവസായങ്ങൾക്കോ വൻ മുതൽമുടക്കിനോ കേരളത്തിൽ സാധ്യതകളില്ല. മറ്റ് വൻ നഗരങ്ങളിൽ ജോലി ചെയ്യുന്നവർ കൊച്ചിയിൽ താത്പര്യപ്പെടുന്നില്ല. മറ്റ് നഗരങ്ങളിലെ സാധ്യതകൾ ഇവിടെയും ലഭ്യമാക്കിയാൽ തീർച്ചയായും ആൾക്കാർ ഇവിടേക്ക് വരും.

മറ്റ് രാജ്യങ്ങളിലും വൻ നഗരങ്ങളിലും ലഭിക്കുന്ന സൗകര്യങ്ങളും അനുകൂല നിലപാടുകളും സ്വീകരിക്കാൻ തയാറായാൽ കേരളത്തിൽ മുതൽ മുടക്കാൻ വ്യവസായികൾ എത്തുകയുള്ളൂ എന്നും ജിബി മാത്യു പറഞ്ഞു. കേരളത്തിൽ മുതൽ മുടക്കാൻ വരുന്നവർ ലാഭം വേണ്ടിയാണ് വരുന്നത്. കൊള്ള ലാഭം എന്ന് അധിക്ഷേപിച്ചിട്ട് കാര്യമില്ല. ലാഭമില്ലാത്ത ബിസിനസിൽ മുതൽമുടക്കാൻ ആരും തയാറാകില്ലെന്നും അദ്ദേഹം പറഞ്ഞു.