ലുലുമാളിൽ ഇന്ത്യൻ നേവൽ ബാൻഡിന്റെ സംഗീതവിസ്മയം

Posted on: January 25, 2017

കൊച്ചി : റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി സതേൺ നേവൽ കമാൻഡ് ബാൻഡ് ലുലുമാളിൽ സംഗീത വിസ്മയമൊരുക്കുന്നു. ഐഎൻഎസ് വെണ്ടുരുത്തിയിൽ സ്ഥാപിതമായ സതേൺ നേവൽ കമാൻഡ് ബാൻഡ് നാവിക സേനയിലെ പ്രധാനപ്പെട്ട ബാൻഡുകളിലൊന്നാണ്. ഇന്ത്യയിലെ എല്ലാ പ്രമുഖ നഗരങ്ങളിലെയും വിദേശ നഗരങ്ങളിലെയും ജനങ്ങളുടെ പ്രശംസ പിടിച്ചുപറ്റിയവരാണ് ബാൻഡിലെ സംഗീതജ്ഞർ.

ഐഎൻഎസ് വെണ്ടുരുത്തി, ഐഎൻഎസ് ദ്രോണാചാര്യ എന്നീ ബാൻഡുകളെ സംയോജിപ്പിച്ച് സതേൺ കമാൻഡ് മ്യുസിഷൻ ഓഫീസർ ലഫ്റ്റനന്റ് കമാൻഡർ മനോജ് സെബാസ്റ്റിയന്റെ നേതൃത്വത്തിൽ ജനുവരി 26 ന് വൈകുന്നേരം 6 മുതൽ 8 മണി വരെ സിംഫണി ബാൻഡ് സംഗീതമേള ലുലുമാളിൽ നടക്കും.

ഇന്ത്യൻ നേവൽ ബാൻഡിന്റെ മുഖമുദ്രയാണ് സംഗീത വൈവിധ്യങ്ങളിലുള്ള നൈപുണ്യം, ഒരേസമയം മാർച്ച് ബാൻഡും സിംഫണി സംഗീതവും കാഴ്ച്ചവയ്ക്കുവാൻ ഇവർക്ക് സാധിക്കും. അതിവിശാലമായ ഈ സംഗീതസായാഹ്നത്തിൽ ഉൾക്കൊള്ളുന്നത് ആശ്ചര്യജനകമായ മാർഷ്യൽ മ്യൂസിക്, സിംഫണി അറേഞ്ച്‌മെന്റ്, ഓവർച്ച്യൂഴ്‌സ്, കൺസേർട്ട്‌സ്, ഇന്ത്യൻ ശാസ്ത്രീയ സംഗീതം കൂടാതെ വ്യത്യസ്ത ഇനം പോപ്പ്, ഫോക്ക് ഗാനങ്ങളാണ്. ഇന്ത്യയുടെ തനത് സംഗീതവൈവിധ്യങ്ങൾ സംയോജിപ്പിച്ച് അവതരിപ്പിക്കുക വഴി പ്രേക്ഷകരോട് ചേർന്ന് നിൽക്കുകയും, അതുവഴി ഇന്ത്യയുടെ സവിശേഷ സ്വഭാവമായ നാനാത്വത്തിൽ ഏകത്വം എന്ന മൂല്യത്തെ എടുത്തുയർത്തുകയും ബാൻഡ് ചെയ്തുവരുന്നു.