തിരുവനന്തപുരം ലുലു മാൾ ശിലാസ്ഥാപനം 20 ന്

Posted on: August 17, 2016

Lulu-Mall-TVM-Big

തിരുവനന്തപുരം : കൊച്ചിക്കു പിന്നാലെ, രാജ്യത്തെ രണ്ടാമത്തെ വലിയ ഷോപ്പിംഗ് മാളായ ലുലു തിരുവനന്തപുരത്തേക്കും. ആക്കുളത്ത് ദേശീയപാതയ്ക്കരികിലായി നിർമ്മിക്കുന്ന രാജ്യാന്തര നിലവാരമുള്ള ഷോപ്പിംഗ് മാളിന് 20 ന് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിടുമെന്നു ലുലു ഗ്രൂപ്പ് മേധാവി എം.എ യൂസഫലി അറിയിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ തുടങ്ങിയ നിരവധി പ്രമുഖർ പങ്കെടുക്കും.

പദ്ധതിക്കായി 2,000 കോടി രൂപയാണ് ലുലു ഗ്രൂപ്പ് നിക്ഷേപിക്കുന്നത്. സ്വകാര്യ മേഖലയിൽ കേരളത്തിലെത്തുന്ന ഏറ്റവും വലിയ നിക്ഷേപങ്ങളിലൊന്നാണിത്. ലുലു മാൾ പൂർത്തിയാകുമ്പോൾ 5,000ത്തിൽ അധികം ആളുകൾക്കു നേരിട്ടും 20,000 ൽ അധികം പേർക്കു പരോക്ഷമായും തൊഴിലവസരങ്ങളുണ്ടാകും. ഹോട്ടൽ, രാജ്യാന്തര നിലവാരമുള്ള കൺവെൻഷൻ സെന്റർ എന്നിവയും ഇതിനോടനുബന്ധിച്ചു നിർമിക്കും.

ആധുനിക രീതിയിൽ പരിസ്ഥിതിക്കുനുകൂലമായി മാൾ രൂപ കൽപന ചെയ്തതു ലണ്ടൻ ആസ്ഥാനമായ ഡിസൈൻ ഇന്റർനാഷണലാണ്. 20 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ നിർമിക്കുന്ന മാളിൽ ഇരുനൂറിലധികം രാജ്യാന്തര ബ്രാൻഡുകൾ, ലുലു ഹൈപ്പർമാർക്കറ്റ്, ഫുഡ് കോർട്ട്, ഐസ് സ്‌കേറ്റിംഗ്, സിനിമ, കുട്ടികൾക്കായുള്ള വിനോദകേന്ദ്രം എന്നിവയുമുണ്ടാകും. മൂവായിരത്തിലധികം വാഹനങ്ങൾ പാർക്ക് ചെയ്യാം. 2019 മാർച്ചിൽ പണി പൂർത്തിയാകുമെന്നു പ്രതീക്ഷിക്കുന്നു. 2013 ൽ പ്രവർത്തനമാരംഭിച്ച കൊച്ചി ലുലുമാൾ ഇതിനകം ആറുകോടിയിലധികം ആളുകൾ സന്ദർശിച്ചു.

TAGS: Lulu Mall |