അബുദാബിയിൽ 22 മുതൽ എക്‌സ്‌പ്ലോർ കേരള പ്രദർശനം

Posted on: February 19, 2017

കേരള ടൂറിസവും ലുലുഗ്രൂപ്പും ചേർന്ന് അബുദാബിയിൽ സംഘടിപ്പിക്കുന്ന എക്‌സ്‌പ്ലോർ കേരളയുടെ ലോഗോ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ എം എ അഷ്‌റഫ്അലിക്ക് നൽകി നിർവഹിക്കുന്നു. ലുലു ഗ്രൂപ്പ് ചീഫ് കമ്യൂണിക്കേഷൻ ഓഫീസർ വി. നന്ദകുമാർ, മീഡിയ സെക്രട്ടറി ബിജു കൊട്ടാരത്തിൽ എന്നിവർ സമീപം.

തിരുവനന്തപുരം : അറബ് സഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കുന്നതിനായി ലുലുഗ്രൂപ്പുമായി ചേർന്ന് കേരള ടൂറിസം വകുപ്പ് ജിസിസി രാജ്യങ്ങളിൽ എക്‌സ്‌പ്ലോർ കേരള പ്രദർശനം സംഘടിപ്പിക്കും. അബുദാബിയിലെ മുഷ്‌റിഫ് മാളിൽ ഫെബ്രുവരി 22 മുതൽ 25 വരെയാണ് ആദ്യപ്രദർശനം. ദുബായിലെ ഇന്ത്യ ടൂറിസം ഓഫീസ്, ടൂറിസം ഇന്ത്യ എന്നിവരും നാല് ദിവസത്തെ എക്‌സ്‌പോയിൽ പങ്കാളികളാണ്.

അബുദാബി ടൂറിസം അഥോറിട്ടി എക്‌സിക്യൂട്ടീവ് ഡയറക് ടർ സുൽത്താൻ മുത്തവ അൽ ദാഹിരി എക്‌സ്‌പ്ലോർ കേരള ഉദ്ഘാടനം ചെയ്യും. യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി നവദീപ് സൂരി, ഇത്തിഹാദ് എയർവേസ് വൈസ് പ്രസിഡന്റ് ഹാരിബ് അൽ മുഹൈരി, ഇന്ത്യ ടൂറിസം ഡയറക്ടർ ഐ.ആർ.വി. റാവു എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

എക്‌സ്‌പ്ലോർ കേരളയുടെ ലോഗോ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ എം എ അഷ്‌റഫ്അലിക്ക് നൽകി നിർവഹിച്ചു. സംസ്ഥാന ടൂറിസം വകുപ്പുമായി സഹകരിച്ച് ഗൾഫ് രാജ്യങ്ങളിലെ ലുലു ഹൈപ്പർമാർക്കറ്റുകളിലും ഷോപ്പിംഗ് മാളുകളിലും ടൂറിസം എക്‌സ്‌പോ തുടർന്നും സംഘടിപ്പിക്കുമെന്ന് എം. എ. അഷ്‌റഫ്അലി പറഞ്ഞു.

എക്‌സ്‌പ്ലോർ കേരളയോട് അനുബന്ധിച്ച് കഥകളി, തെയ്യം, മോഹിനിയാട്ടം, തായമ്പക തുടങ്ങിയ കേരളത്തിന്റെ തനത് കലാരൂപങ്ങൾ അവതരിപ്പിക്കും. നാടൻ ഭക്ഷ്യവിഭവങ്ങൾ ഉൾപ്പെടുന്ന കേരള ഫുഡ്‌ഫെസ്റ്റിവലും സംഘടിപ്പിക്കും.

ലുലു ഗ്രൂപ്പ് ചീഫ് കമ്യൂണിക്കേഷൻ ഓഫീസർ വി. നന്ദകുമാർ, മീഡിയ സെക്രട്ടറി ബിജു കൊട്ടാരത്തിൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.