സാംസംഗ് ഇന്നോവേഷന്‍ അവാര്‍ഡ് 2018

Posted on: November 3, 2018

ഹൈദരാബാദ് : നിത്യ ജീവിതത്തെ മാറ്റിമറിക്കാന്‍ പോന്ന കണ്ടുപിടിത്തങ്ങള്‍ക്കുള്ള സാംസംഗ് ഇന്നോവേഷന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഹൈദരാബാദ് ഐ ഐ ടിയില്‍ സാംസംഗിന്റെ സംരംഭക സെല്ലുമായി ചേര്‍ന്ന് നടത്തിയ പരിപാടിയില്‍ ഒന്നാം സമ്മാനം കണ്ണന്‍ ചന്ദ്രശേഖരന് ലഭിച്ചു. ഏറ്റവും കുറഞ്ഞ സമയത്തില്‍ വായിക്കാനും ഡാറ്റ മനസിലാക്കാനും ഏതു ഭാഷയിലുമുള്ള പ്രതികരണങ്ങള്‍ക്ക് അനായാസം മറുപടി നല്‍കാനും കഴിയുന്ന സംവിധാനം കണ്ടുപിടിച്ചതിനാണ് കണ്ണന് അംഗീകാരം ലഭിച്ചത്.

വി.സുഷ്മിത, ആനന്ദ് കഡു, ഡോ. സുഷ്‌മേ ബധൂലിക എന്നിവര്‍ക്കാണ് രണ്ടാം സമ്മാനം. സ്മാര്‍ട്ട്‌ഫോണ്‍ പോലെ അനായാസം ലഭ്യമായ ഉപകരണങ്ങളില്‍ പ്രവര്‍ത്തിപ്പിക്കാവുന്ന ചെലവു കുറഞ്ഞ വ്യക്തിഗത ആരോഗ്യ സംരക്ഷണ പ്ലാറ്റ്‌ഫോം വികസിപ്പിച്ചതിനാണ് ഇവര്‍ക്ക് അംഗീകാരം ലഭിച്ചത്. ഇന്ത്യയുടെ ഗ്രാമങ്ങളില്‍ പോലും ചെലവു കുറഞ്ഞ ആരോഗ്യ സംരക്ഷണം സാധ്യമാക്കുന്നതാണ് ടീമിന്റെ കണ്ടെത്തല്‍.

ജി.ഹനു ഫാനി റാം, പ്രവീണ്‍ കുമാര്‍ പൂല, പ്രശാന്ത് പാന്ത എന്നിവരടങ്ങിയ ടീമിനാണ് മൂന്നാം സമ്മാനം. സ്മാര്‍ട്ട്‌ഫോണ്‍ അധിഷ്ഠിതമായ രീതിയിലൂടെ കോശങ്ങളെ കുറിച്ച് പഠനം നടത്തി പുറമേയുള്ള കാന്‍സര്‍ കണ്ടെത്താന്‍ കഴിയുമെന്നാണ് ഇവരുടെ കണ്ടെത്തല്‍.

ബംഗലുരുവിലെ സാംസംഗ് ആര്‍ ആന്‍ഡ് ഡി ഇന്‍സ്റ്റിറ്റ്യൂട്ട് സീനിയര്‍ വൈസ് പ്രസിഡന്റ് ഡോ. അലോക്‌നാഥ് ഡെ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ആദ്യ മൂന്നു സമ്മാന ജേതാക്കള്‍ക്ക് യഥാക്രമം 1.5 ലക്ഷം രൂപ, 1.2 ലക്ഷം രൂപ, 80,000 രൂപ എന്നിങ്ങനെ ലഭിച്ചു. മറ്റ് നാലു ഫൈനലിസ്റ്റുകള്‍ക്ക് സാംസംഗ് മെറിറ്റ് അവാര്‍ഡ് നല്‍കി.