മൊമന്റം ജാർഖണ്ഡ് ഗ്ലോബൽ ഇൻവെസ്റ്റേഴ് സമ്മിറ്റ്

Posted on: February 17, 2017

കൊച്ചി : ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള നിക്ഷേപകരെയും സംരഭകരെയും ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെ ജാർഖണ്ഡ് ഗവൺമെന്റ് ഫെബ്രുവരി 16, 7 തീയതികളിൽ റാഞ്ചിയിൽ മൊമന്റം ജാർഖണ്ഡ് ഗ്ലോബൽ ഇൻവെസ്റ്റേഴ് സമ്മിറ്റ് 2017 സംഘടിപ്പിക്കും.

ജപ്പാൻ, യുഎസ്, യുകെ, ഓസ്‌ട്രേലിയ, കാനഡ, ചൈന, റഷ്യ, സിംഗപ്പൂർ, സ്വീഡൻ, സൗദി അറേബ്യ, യുഎഇ, ഇറ്റലി, ഒമാൻ തുടങ്ങി ഇരുപത്തിയാറു രാജ്യങ്ങളിൽ നിന്നായി ആറായിരത്തിഇരുന്നൂറോളം പ്രതിനിധികൾ നിക്ഷേപകസംഗമത്തിൽ പങ്കെടുക്കുമെന്ന് മുഖ്യമന്ത്രി രഘുബാർ ദാസ് അറിയിച്ചു. സംസ്ഥാനത്തെ നിക്ഷേപസൗഹൃദ സംസ്ഥാനമാക്കി മാറ്റുവാൻ ബിസിനസ് നയത്തിൽ നിരവധി പരിഷ്‌കാരങ്ങൾ രണ്ടുവർഷം കൊണ്ടു നടപ്പിലാക്കിയിട്ടുണ്ടെന്നും അദേഹം അറിയിച്ചു. 2020 ഓടെ 20 ലക്ഷം യുവാക്കൾക്ക് നൈപുണ്യ പരിശീലനം നൽകാനുദേശിക്കുന്നതായും അദേഹം അറിയിച്ചു.

അടിസ്ഥാനസൗകര്യ വികസനം, നഗര വികസനം, സ്മാർട്ട് സിറ്റി, മേക്ക് ഇൻ ജാർഖണ്ഡ്, മൈനിംഗ് ആൻഡ് മിനറൽ ഡെവലപ്‌മെന്റ്, ഐടി/ഐടിഇഎസ്, സ്റ്റാർട്ടപ്പ്, കൃഷിയും ഭക്ഷ്യസംസ്‌കരണവും, ടെക്‌സ്റ്റൈൽ, ഫുട്‌വേർ, ഉന്നത വിദ്യാഭ്യാസം തുടങ്ങി വൈവിധ്യമാർന്ന വിഷയങ്ങളിൽ സെമിനാറും സംഘടിപ്പിച്ചിട്ടുണ്ട്.

കേന്ദ്ര മന്ത്രിമാരായ അരുൺ ജയ്റ്റ്‌ലി, നിതിൻ ഗഡ്കരി, വെങ്കയ്യ നായിഡു, പിയൂഷ് ഗോയൽ, രവി ശങ്കർ പ്രസാദ്, ജെ പി നദ്ദ, സ്മൃതി ഇറാനി, സുദർശൻ ഭഗത്, ജയന്ത് സിൻഹ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. രത്തൻ ടാറ്റ, മോഹൻ കുമാരമംഗലം ബിർള, ശശി റൂയിയ, പ്രശാന്ത് റൂയിയ, നവീൻ ജിൻഡാൽ, അനിൽ അഗർവാൾ, സുഭാഷ് ചന്ദ്ര, പുനീത് ഗോയങ്ക തുടങ്ങി വ്യവസായ പ്രമുഖരും സംഗമത്തിൽ പങ്കെടുക്കും.